/indian-express-malayalam/media/media_files/uploads/2022/01/media-one-1.jpg)
ന്യൂഡല്‍ഹി: മീഡയ വണ്‍ ചാനലിന് സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. നടപടിക്ക് പിന്നിലെ കാരണങ്ങള്‍ ചാനലിനെ അറിയിക്കേണ്ടതായിരുന്നില്ലേയെന്ന് കോടതി ചോദിച്ചു. ദേശിയ സുരക്ഷ ചൂണ്ടിക്കാണിച്ചായിരുന്നു ചാനലിന് അപ്ലിങ്കിങ് അനുമതി കേന്ദ്രം നല്‍കാതിരുന്നത്.
“അവർ നിയമപ്രകാരം കുറ്റം ചെയ്തതായി നിങ്ങൾ പറയുന്നില്ല. നിയമപ്രകാരം കുറ്റകൃത്യം നടന്നാലും അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുമ്പോഴും അന്വേഷണത്തിന്റെ അന്തഃസത്ത കുറ്റപത്രത്തിൽ വെളിപ്പെടുത്തുന്നു. നമ്മൾ ആ പരിധിയിൽ പോലുമില്ല. ഇവിടെ നിങ്ങൾ ഒരു സുരക്ഷാ ക്ലിയറൻസ് നിഷേധിക്കുകയാണ്," രണ്ടംഗ ബഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് ഡി വെ ചന്ദ്രചൂഡ് പറഞ്ഞു.
ലൈസൻസ് പുതുക്കേണ്ടതില്ലെന്ന കേന്ദ്ര തീരുമാനം ശരിവച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ ചാനൽ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ഹിമ കോഹ്ലിയും ഉള്‍പ്പെട്ട ബഞ്ച്.
മുദ്രവച്ച കവറിൽ കേന്ദ്ര സർക്കാർ ഹാജരാക്കിയ ചില ഫയലുകളെ ആശ്രയിച്ചാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്നും ഇതിലേക്ക് തങ്ങള്‍ക്ക് നൽകിയിട്ടില്ലെന്നും ചാനൽ വാദിച്ചു.
കേസിന്റെ വിശദാംശങ്ങള്‍ സെൻസിറ്റീവ് ആയതിനാൽ ചാനൽ മാനേജ്‌മെന്റുമായി പങ്കിടാനാകില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കെഎം നടരാജ് വാദിച്ചു.
മുദ്രവച്ച കവറിലെ വസ്തുക്കൾ പരിശോധിക്കാൻ നടരാജ് സുപ്രീം കോടതി ബെഞ്ചിനോട് ആവശ്യപ്പെട്ടു. എന്നാല്‍ എതിര്‍കക്ഷി കാണാതെ ഇത് പരിശോധിക്കാന്‍ കഴിയുമോയെന്ന ചോദ്യം കോടതി ഉന്നയിച്ചു. കോടതി നടപടികളുടെ സത്തയാണ് ഒരു കക്ഷി ആശ്രയിക്കുന്ന ഏതൊരു വസ്തുവും മറ്റേ കക്ഷിക്ക് വെളിപ്പെടുത്തുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.
“നമ്മുടെ നിയമം എങ്ങനെ പുരോഗമിച്ചുവെന്ന് നോക്കൂ. ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കേസുകളില്‍ പോലും പ്രതിക്ക് എന്ത് കാരണത്താലാണ് തന്നെ തടവില്‍ വച്ചിരിക്കുന്നതെന്ന് അറിയാനുള്ള അവകാശമുണ്ട്. ഇവിടെ നിങ്ങളുടെ ഉത്തരവിൽ പറയുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ ക്ലിയറൻസ് നിഷേധിച്ചുവെന്ന് മാത്രമാണ്. ദേശീയ സുരക്ഷയുടെ ലംഘനം എന്താണെന്ന് വ്യക്തമാക്കുന്നില്ല. നിങ്ങളുടെ വിവര സ്രോതസ്സുകൾ സംരക്ഷിക്കാം. എന്നാൽ എന്താണ് ആ വിവരമെന്നത് നിര്‍ബന്ധമായും വെളിപ്പെടുത്തണം," ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.