/indian-express-malayalam/media/media_files/uploads/2023/08/income-tax-.jpg)
സമർപ്പിച്ച ആദായനികുതി റിട്ടേണുകളിൽ വരുമാനത്തിൽ കോവിഡ് മഹാമാരി കൊണ്ടുവന്ന ആഘാതം വ്യക്തമാണ്.
ന്യൂഡൽഹി: 2023-24 വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ 6.8 കോടിയിലധികം നികുതിദായകർ സമർപ്പിച്ചു. നിരവധി നികുതിദായകർക്ക് ഇതിനകം റീഫണ്ട് ലഭിച്ചിട്ടുണ്ടെങ്കിലും, ചിലർക്ക് കാലതാമസം നേരിടുന്നതായി പരാതി ഉയരുന്നുണ്ട്. നിശ്ചിത തീയതിക്ക് വളരെ മുമ്പായി റിട്ടേൺ ഫയൽ ചെയ്തിട്ടും റീഫണ്ട് ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് അത്തരത്തിലൊരു നികുതിദായകൻ അടുത്തിടെ സാമൂഹിക മാധ്യമങ്ങളിലൂടെ ആദായനികുതി വകുപ്പിനോട് ചോദിച്ചു.
“ഞാൻ കൃത്യസമയത്ത് നികുതി അടച്ചു. നിശ്ചിത തീയതിക്ക് മുമ്പായി റിട്ടേൺ ഫയൽ ചെയ്തു. എന്തുകൊണ്ടാണ് എനിക്ക് റീഫണ്ട് ലഭിക്കാത്തത്? @PMOIndia ദയവായി എനിക്ക് നീതി തരൂ, " എക്സിൽ ആദായനികുതി വകുപ്പിനെ ടാഗ് ചെയ്തുകൊണ്ട് നികുതിദായകൻ കുറിച്ചു.
ആദായനികുതി വകുപ്പ് പരാതി ഉന്നയിച്ചയാളോട് വിശദാംശങ്ങൾ മെയിൽ വഴി അയയ്ക്കാൻ ആവശ്യപ്പെട്ടു. "ദയവായി orm@cpc.incometax.gov.in എന്ന ഇമെയിലിൽ നിങ്ങളുടെ വിശദാംശങ്ങൾ (പാനും മൊബൈൽ നമ്പറും സഹിതം) ഞങ്ങൾക്ക് നൽകുക. അതുവഴി ഞങ്ങളുടെ ടീമിന് നിങ്ങളുമായി ബന്ധപ്പെടാൻ കഴിയും," ആദായനികുതി വകുപ്പ് മറുപടി നൽകി.
നോൺ-ഓഡിറ്റ് കേസുകളിൽ എവൈ 2023-24 ന്റെ ഐടിആർ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31, 2023 ആയിരുന്നു. ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റിലെ ഡാറ്റ പ്രകാരം, ഓഗസ്റ്റ് 6 വരെ 6.8 കോടിയിലധികം റിട്ടേണുകൾ ഫയൽ ചെയ്തു. ഇതിൽ ആറ് കോടികളുടെ റിട്ടേണുകൾ നികുതിദായകർ വെരിഫൈ ചെയ്തപ്പോൾ 4.34 കോടിയിലധികം റിട്ടേണുകൾ ആദായനികുതി വകുപ്പ് പ്രോസസ്സ് ചെയ്തു.
രണ്ട് കോടിയിലധികം റിട്ടേണുകൾ പ്രോസസ്സ് ചെയ്യാനിരിക്കുന്നതിനാൽ ചില നികുതിദായകർ റീഫണ്ടുകളിൽ കാലതാമസം നേരിടുന്നതായി ഡാറ്റ സൂചിപ്പിക്കുന്നു. കൂടാതെ, ചില നികുതിദായകർ അവരുടെ റിട്ടേണുകൾ വെരിഫൈ ചെയ്യാതതിനാൽ കാലതാമസം നേരിടുന്നു. നികുതിദായകർ തങ്ങളുടെ റിട്ടേണുകൾ ഫയൽ ചെയ്ത് 30 ദിവസത്തിനുള്ളിൽ വെരിഫൈ ചെയ്യേണ്ടത് പ്രധാനമാണ്. ആഗസ്ത് ആറ് വരെ 80 ലക്ഷത്തിലധികം റിട്ടേണുകൾ നികുതിദായകർ വെരിഫൈ ചെയ്തിട്ടില്ല.
നികുതി വിദഗ്ധരുടെ അഭിപ്രായത്തിൽ, റീഫണ്ടുകളുടെ വേഗത്തിലുള്ള പ്രോസസ്സിംഗ് നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഐടിആർ ഫയൽ ചെയ്ത തീയതി മുതൽ 20 - 45 ദിവസത്തിനുള്ളിൽ റീഫണ്ടുകൾ പ്രോസസ്സ് ചെയ്യാൻ നികുതി വകുപ്പ് ശ്രമിക്കുന്നു. എന്നിരുന്നാലും, ഇത് ഒരു പൊതു സമയപരിധിയാണ്.
ഐടിആർ പ്രോസസ്സ് ചെയ്യുന്നതിനും നികുതി വകുപ്പ് ഒരു അറിയിപ്പ് അയയ്ക്കുന്നതിനുമുള്ള പരമാവധി സമയ പരിധി റിട്ടേൺ നൽകിയ സാമ്പത്തിക വർഷത്തിന്റെ അവസാനം മുതൽ ഒൻപത് മാസമാണ്. ഐടിആറിൽ സങ്കീർണതകൾ ഇല്ലെങ്കിൽ റീഫണ്ടുകൾ നൽകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.