ന്യൂഡൽഹി: അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുളള തിരഞ്ഞെടുപ്പിൽ വിജയം നേടിയതിന് പിന്നാലെ രാഹുൽ ഗാന്ധി മുതിർന്ന നേതാവിനെ കൊണ്ട് കാല് പിടിപ്പിച്ചുവെന്ന തരത്തിൽ ഒരു ചിത്രം പ്രചരിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ ഉണ്ടായിരുന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ ടി.എസ്.സിങ് ദിയോ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്. ഛത്തീസ്‌ഗഡിൽ പുതുതായി അധികാരമേറ്റ സർക്കാരിൽ മന്ത്രിയാണ് ടി.എസ്.സിങ് ദിയോ. സത്യപ്രതിജ്ഞ ചടങ്ങിനിടെയുളള ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

ഇന്ത്യ എഗെയ്ൻസ്റ്റ് പ്രസ്റ്റിറ്റ്യൂട്ട്സ് എന്ന ഫെയ്സ്ബുക്ക് പേജ് വഴിയാണ് ചിത്രം ആദ്യം പ്രചരിച്ചത്. “48 കാരനായ സീനിയർ അദ്ദേഹത്തിന്റെ 80 കാരനായ ജൂനിയറിനെ അനുഗ്രഹിക്കുന്നു,” എന്നായിരുന്നു പോസ്റ്റ്.  ചിത്രം വ്യാജമല്ലെന്ന് പിന്നീട് തെളിഞ്ഞു. എന്നാൽ എന്താണ് സംഭവിച്ചതെന്ന് അപ്പോഴും വ്യക്തമായിരുന്നില്ല.

ചിത്രത്തിൽ രാഹുലിന് തൊട്ടടുത്ത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ബൊക്കെയുമായി നിൽക്കുന്നുണ്ട്. മറ്റൊരു മുതിർന്ന നേതാവ് ആർ.പി.എൻ.സിങ്ങും ചിത്രത്തിലുണ്ട്. മൂന്ന് ദിവസം മുൻപ് ഛത്തീസ്‌ഗഡിൽ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ചടങ്ങിലാണ് ഈ ചിത്രം പകർത്തിയത്. എന്നാൽ ചിത്രത്തോടൊപ്പം പ്രചരിപ്പിച്ചത് പോലെ ടി.എസ്.സിങ് ദിയോ രാഹുലിന്റെ കാലിൽ തൊട്ട് വന്ദിക്കുകയായിരുന്നില്ല.

ടി.എസ്.സിങ് ദിയോ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവിധ മാധ്യമങ്ങൾക്ക്  നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് ഇങ്ങിനെ, “പ്രായം നോക്കാതെ തന്നെ മുതിർന്ന നേതാക്കളുടെ കാല് തൊട്ട് ഞാൻ വന്ദിക്കാറുണ്ട്,” എന്നാണ് അദ്ദേഹം പറഞ്ഞത്. “സത്യപ്രതിജ്ഞയ്ക്ക് ശേഷം അന്നും ഞാൻ പ്രധാന അതിഥികളുടെ പാദം തൊട്ട് വണങ്ങിയിരുന്നു. രാഹുൽ ഗാന്ധിയെയും ഇതിനായി സമീപിച്ചെങ്കിലും അദ്ദേഹം എന്നെ തടഞ്ഞു,” അദ്ദേഹം പറഞ്ഞു.

തന്റെ പാദത്തിൽ തൊടാനുളള ടിഎസ് സിങ് ദിയോയുടെ ശ്രമം തടയുന്ന രാഹുൽ ഗാന്ധി. വീഡിയോ

അതേസമയം, താൻ നിലത്തുവീണ നാപ്കിൻ എടുക്കാൻ വേണ്ടിയാണ് കുനിഞ്ഞതെന്നാണ് ദിയോയുടെ വാദം. രാജസ്ഥാൻ പത്രികയിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ ദിയോ, മൻമോഹൻ സിങ്ങിന്റെ കൈവശം ഉണ്ടായിരുന്ന ബൊക്കെയിൽ നിന്ന് താഴേക്ക് നീണ്ട നൂൽ വലിക്കാൻ വേണ്ടി കുനിഞ്ഞതാണെന്നും പറയുന്നു. അതേസമയം, ഇക്കാര്യങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിന് സാധിച്ചില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ