ബംഗളൂരു: അനധികൃത സ്വത്തുസമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന അണ്ണാ ഡി.എം.കെ ഇടക്കാല ജനറൽ സെക്രട്ടറി വികെ ശശികല ജയിലിൽ നിന്ന് പുറത്ത് പോയിരുന്നതായി ആരോപണം. ജയിലിന്റെ പ്രധാന പ്രവേശന കവാടത്തിലൂടെ ശശികലയും ബന്ധു ഇളവരശിയും നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. തടവുകാരുടെ വേഷത്തിലല്ല ശശികലയെ ദൃശ്യങ്ങളിൽ കാണുന്നത്. കൂർത്തയണിഞ്ഞാണ് ശശികല പുറത്തു പോകുന്നത്.

ശശികലക്ക് ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നുവെന്ന് റിപ്പോർട്ട് നൽകിയ മുൻ ജയിൽ ഡിഐജി ഡി രൂപയാണ് സിസിടിവി ദൃശ്യങ്ങൾ പുുറത്തുകൊണ്ടുവന്നത്. കർണാടക പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗത്തിന് മൊഴി നൽകുന്നതിനിടെയാണ് ഈ തെളിവുകൾ ദീപ കൈമാറിയത്. ശശികലയും ഇളവരശിയും ജയിൽ അധികൃതരുടെ ഒത്താശയോടെ ജയിലിന് പുറത്ത് കടന്നിരുന്നെന്ന് തെളിയിക്കുന്നതാണ് പുതിയ തെളിവുകൾ.

ജയില്‍ ഡിജിപിയടക്കം പലര്‍ക്കും രണ്ടു കോടി രൂപ കൈക്കൂലിയായി നല്‍കിയാണ് ജയിലില്‍ ശശികല പ്രത്യേക പരിഗണന നേടിയതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഈ പരിഗണനകള്‍ ചൂണ്ടിക്കാണിച്ച് രൂപ നേരത്തെ സര്‍ക്കാരിന് പരാതിയും നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഇവരെ ജയില്‍ ചുമതലയില്‍ നിന്നും മാറ്റുകയായിരുന്നു.

അഞ്ചു സെല്ലുകളില്‍ നിന്ന് തടവുകാരെ ഒഴിവാക്കി ഒരു ഇടനാഴി മുഴുവന്‍ ശശികലയ്ക്ക് അനുവദിച്ചു. പ്രത്യേക കിടക്കയും വിരിയും നല്‍കി. സെല്ലില്‍ സ്വന്തമായി എല്‍ഇഡി ടിവിയും ശശികലയ്ക്ക് അനുവദിച്ചുവെന്നും രൂപ റിപ്പോർട്ട് നൽകിയിരുന്നു. ചിന്നമ്മയക്ക് ജയിലില്‍ പ്രത്യേക വിഐപി പരിഗണനകള്‍ കിട്ടുന്ന ദൃശ്യങ്ങള്‍ ഇതിനു മുന്‍പ് തന്നെ ഒരു പ്രമുഖ കന്നട ചാനല്‍ പുറത്തുവിട്ടിരുന്നു. ജയിലില്‍ പട്ടുവസ്ത്രമണിഞ്ഞു പാത്രവുമായി സിസി ക്യാമറയുടെ മുന്നിലൂടെ നടന്നു പോകുന്ന ചിത്രമായിരുന്നു അന്നു പ്രചരിച്ചിരുന്നത്.

അതേസമയം, ശശികലയ്ക്ക് ഇപ്പോൾ വിഐപി പരിഗണനയില്ലെന്നാണ് റിപ്പോർട്ടുകൾ. പുതുതായി ചുമതലയേറ്റ പ്രിസണ്‍സ് എഡിജിപി എന്‍.എസ് മേഘരിക് ജയില്‍ പ്രവര്‍ത്തന ചട്ടങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് ശശികല വീണ്ടും സാധാരണ തടവുകാരിയായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ