മുംബൈ: അന്തരിച്ച നടൻ സുശാന്ത് സിങ്ങ് രാജ്‌പുതിന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഭയപ്പെടുന്നതായി ഫെബ്രുവരിയിൽ രേഖാമൂലം പരാതി നൽകിയിരുന്നെന്ന അദ്ദേഹത്തിന്റെ പിതാവിന്റെ വാദം മുംബൈ പൊലീസ് തള്ളി. 34 കാരനായ നടനെ ജൂൺ 14 നാണ് ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നടന്റെ ജീവൻ അപകടത്തിലാണെന്ന് പറഞ്ഞ് ഫെബ്രുവരി 25 ന് ബാന്ദ്ര പോലീസ് സ്റ്റേഷനിൽ തനറെ കുടുംബം രേഖാമൂലം പരാതി നൽകിയതായി അദ്ദേഹത്തിന്റെ പിതാവ് കെ കെ സിംഗ് പറഞ്ഞിരുന്നു.

എന്നാൽ സുശാന്തിന്റെ പിതാവിന്റെ അവകാശവാദം നിഷേധിക്കുന്നതായും സുശാന്തിന്റെ ജീവന് ഭീഷണിയുള്ളതായി അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്ന് രേഖാമൂലം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മുംബൈ പോലീസ് വാർത്താക്കുറിപ്പിൽ പറഞ്ഞു. രേഖാമൂലം തന്റെ കുടുംബം പരാതി സമർപ്പിച്ചിരുന്നതായി സുശാന്തിന്റെ പിതാവ് കെ കെ സിംഗ് പ്രസ്താവന ഇറക്കിയിരുന്നതായും സിറ്റി പോലീസ് അവരുടെ കുറിപ്പിൽ ചൂണ്ടിക്കാട്ടി.

Read More: ഭൻസാലി ചിത്രങ്ങളിൽ നിന്ന് സുശാന്തിനെ വിലക്കിയോ? മൊഴികളില്‍ വൈരുദ്ധ്യം

“അത്തരം രേഖാമൂലമുള്ള പരാതികളൊന്നും അന്ന് (ഫെബ്രുവരി 25) ബാന്ദ്ര പോലീസിന് നൽകിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു,” എന്ന് കുറിപ്പിൽ പറയുന്നു.

എന്നാൽ, ഐപിഎസ് ഉദ്യോഗസ്ഥനും സുശാന്തിന്റെ സഹോദരീ ഭർത്താവുമായ ഒ പി സിംഗ് ഇക്കാര്യത്തിൽ അന്നത്തെ സോൺ 9 ഡിസിപിയ്ക്ക് ചില വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചിരുന്നുവെന്ന് മുംബൈ പോലീസ് പറഞ്ഞു.

അന്നത്തെ സോൺ 9 ഡിസിപി ഒ പി സിങ്ങിനെ വിളിച്ച് രേഖാമൂലമുള്ള പരാതി ലഭിച്ചാൽ മാത്രമേ അന്വേഷണം നടത്താനും മറ്റു നടപടികൾ സ്വീകരിക്കാനും സാധിക്കൂ എന്നു പറഞ്ഞതായും പൊലീസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.

ഈ വിഷയം അനൗപചാരികമായി പരിഹരിക്കണമെന്ന് ഒ പി സിംഗ് താൽപര്യപ്പെട്ടിരുന്നതായും എന്നാൽ അത് സാധ്യമല്ലെന്ന് ഡിസിപി വ്യക്തമായി പറഞ്ഞിരുന്നതായും മുംബൈ പോലീസ് പറഞ്ഞു.

Read More: ആത്മഹത്യയ്ക്ക് തൊട്ടു മുൻപ് സുശാന്ത് ഗൂഗിളിൽ തിരഞ്ഞത്; പൊലീസിന്റെ വെളിപ്പെടുത്തൽ

“എന്റെ മകന്റെ ജീവൻ അപകടത്തിലാണെന്ന പരാതിയിൽ ബാന്ദ്ര പോലീസ് ഒന്നും ചെയ്തില്ല,” എന്ന് സുശാന്തിന്റെ പിതാവ് ആരോപിച്ചിരുന്നു. കേസിൽ പ്രതികൾ രക്ഷപ്പെടുകയാണെന്നും ഇരകളെ ഗൂഢാലോചനക്കാരായി മുദ്രകുത്തുകയാണെന്നും വീഡിയോയിൽ കെ കെ സിംഗ് പറഞ്ഞു. കഴിഞ്ഞയാഴ്ച പട്‌നയിൽ സമർപ്പിച്ച പരാതി പ്രകാരമുള്ള ആത്മഹത്യാ പ്രേരണ കേസ് അന്വേഷിക്കുന്ന ബീഹാർ പോലീസ് സംഘത്തിന് മുംബൈ പോലീസ് സഹായം നൽകിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

സുശാന്തിന്റെ മരണത്തെക്കുറിച്ച് മുംബൈ പൊലീസ് പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്. നടിയും സുശാന്തിന്റെ കൂട്ടുകാരിയുമായ റിയ ചക്രവർത്തി അടക്കമുള്ളവർക്കെതിരേയാണ് സുശാന്തിന്റെ പിതാവ് പട്നയിൽ പരാതി നൽകിയത്.

തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ പട്നയില്‍ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ മുംബൈയിലേക്ക് മാറ്റി തരണം എന്ന് അവശ്യപ്പെട്ടു റിയ സമർപ്പിച്ച ഹർജിയിൽ മുംബൈ പൊലീസ് സുപ്രീം കോടതി ഉത്തരവിനായി കാത്തിരിക്കുകയാണ്.

Read More: ദൈവത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമുണ്ട്, നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നതായി റിയ

റിയ ചക്രവർത്തിയുടെ അക്കൗണ്ടിലേക്ക് സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് പണം കൈമാറ്റം ചെയ്തിരുന്നതായി ആരോപണമുയർന്നിരുന്നു. എന്നാൽ റിയ ചക്രവർത്തിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ലെന്നും ഇപ്പോഴും രേഖകൾ പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്നും ഒരും മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ തിങ്കളാഴ്ച പറഞ്ഞു.

കേസ് അന്വേഷണത്തിന്റെ ഭാഗമായി ബിഹാർ പൊലീസ് ഉദ്യോഗസ്ഥൻ മുംബൈയിലെത്തിയിട്ടുണ്ട്. പട്ന സിറ്റി എസ്പി വിജയ് തിവാരിയാണ് ഞായറാഴ്ച മുംബൈയിലെത്തിയത്. എന്നാൽ ഇദ്ദേഹത്തെ ക്വാറന്റൈനിലേക്ക് മാറ്റിയിരിക്കുകയാണ്. ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷനാണ് ഉദ്യോഗസ്ഥനെ 14 ദിവസത്തെ ക്വാറന്റൈനിലേക്ക് മാറ്റിയത്.

Read More: Did not get any complaint from Sushant family in Feb: Cops

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook