ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വന്‍ പ്രതിഷേധമാണ് ബ്രിട്ടനില്‍ നടക്കുന്നത്. രണ്ടര ലക്ഷത്തിലേറെപ്പേരാണ് ട്രംപിന്റെ ബ്രിട്ടൻ സന്ദർശനത്തിനെതിരെ തെരുവിലിറങ്ങിയത്. ‘ഡ്രംപ് ട്രംപ്’ (ട്രംപിനെ ഒഴിവാക്കുക) എന്ന പ്ലക്കാര്‍ഡുകളുമേന്തിയാണ് യു.എസ് പ്രസിഡന്റിനെതിരെയുള്ള തങ്ങളുടെ വെറുപ്പ് പ്രകടമാക്കി ജനങ്ങൾ പ്രതിഷേധിച്ചത്.

ട്രംപിന്റെ ചതുര്‍ദിന സന്ദര്‍ശനത്തിനെതിരേ പ്രതിഷേധം സംഘടിപ്പിക്കുന്ന സ്റ്റോപ്പ് ട്രംപ് എന്ന ഗ്രൂപ്പാണ് പ്രകടത്തിന് നേതൃത്വം നല്‍കിയത്. ട്രംപിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായാണ് സെന്‍ട്രല്‍ ലണ്ടനിലൂടെ ജനങ്ങള്‍ പ്രകടനം നടത്തിയത്. പോര്‍ട്ട്‌ലാന്റ് പ്ലേസില്‍ ഒത്തുകൂടിയ വിവിധ വംശക്കാരും പ്രായക്കാരുമായ പ്രകടനക്കാര്‍ ട്രഫാള്‍ഗാര്‍ സ്‌ക്വയറിലേക്ക് നീങ്ങുകയായിരുന്നു. പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്‍, പാര്‍ലമെന്റംഗം ഡേവിഡ് ലാമി തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

ഇതിനിടെ ട്രംപിനെതിരെ സോഷ്യല്‍മീഡിയയിലും വിമര്‍ശനവും പരിഹാസവും ഉയര്‍ത്തി ഒരു വീഡിയോ പുറത്തുവന്നു. എലിബസബത്ത് രാഞ്ജിയെ പിന്നിലാക്കി ട്രംപ് നടന്നുനീങ്ങുന്ന വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. രാഞ്ജിയെ പിന്നിലാക്കി നടന്ന ട്രംപ് ഒരു നിമിഷം എന്തോ മറന്നത് പോലെ ആലോചിച്ച് നില്‍ക്കുകയും ചെയ്തു. ക്യാമറക്കണ്ണുകള്‍ക്ക് രാഞ്ജിയെ കാണാന്‍ കഴിയാത്ത രീതിയിലാണ് ട്രംപ് ഇവരെ മറച്ച് നടന്നത്. ട്രംപിനെതിരെ സോഷ്യല്‍മീഡിയയില്‍ ബ്രിട്ടീഷുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

സാമാന്യ മര്യാദ പോലും മറന്നാണ് ട്രംപ് 92കാരിയായ രാഞ്ജിയെ മറന്ന് നടന്നതെന്ന് ചിലര്‍ പോസ്റ്റ് ചെയ്തു. അതേസമയം രാഞ്ജിയുടെ ഏത് വശത്ത് കൂടെ നടക്കണമെന്ന് ട്രംപിന് ആ സമയത്ത് ആരോ നിര്‍ദേശം നല്‍കിയതാവാം എന്നും മറ്റു ചിലര്‍ ഊഹം പറഞ്ഞു.
ലോകത്തെ ഒന്നിപ്പിക്കുന്നതില്‍ ദയനീയ പരാജയമാണ് ട്രംപെന്നാണ് ബ്രിട്ടനില്‍ നിറഞ്ഞ പ്രതിഷേധ മുദ്രാവാക്യം.

അമേരിക്കയുടെ സുഹൃത്തുക്കളെയെല്ലാം പിണക്കി റഷ്യന്‍ പ്രസിഡന്റിന് വേണ്ടതെല്ലാം കൊണ്ടുപോയി കൊടുക്കുന്ന സമീപനമാണ് ട്രംപിന്റേതെന്നും പ്രതിഷേധക്കാര്‍ പറയുന്നു. രാജ്യം നോക്കി ആളുകള്‍ക്ക് രാജ്യത്തേക്ക് പ്രവേശനാനുമതി നിഷേധിക്കുന്ന ട്രംപിന്റെ നടപടി തികഞ്ഞ വംശീയതയാണെന്നും പ്രകടനക്കാര്‍ കുറ്റപ്പെടുത്തി. അതേസമയം, അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളുടെയും ചരിത്രത്തിലെ പുതിയ നാഴികക്കല്ലാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook