ചാള്‍സ് രാജകുമാരനോടൊത്തുള്ള ദാമ്പത്യബന്ധം അസന്തുഷ്ടമായിരുന്നെന്നും അതിൽ നിന്ന് രക്ഷപ്പെടാന്‍ സുരക്ഷാഭടനൊപ്പം ഒളിച്ചോടാന്‍ ആഗ്രഹിച്ചിരുന്നതായും ഡയാന രാജകുമാരി വെളിപ്പെടുത്തുന്ന വീഡിയോ ഫുറത്തു വിടുന്നു. 1992-93 കാലയളവില്‍ കെന്‍സിങ്സ്റ്റണ്‍ കൊട്ടാരത്തില്‍ വച്ച് റെക്കോഡ് ചെയ്യപ്പെട്ട ഡയാനയുടെ തന്നെ വീഡിയോ സംഭാഷണങ്ങളിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. ഡയാനയ്ക്ക് പ്രസംഗ പരിശീലനം നല്‍കാനെത്തിയ പീറ്റര്‍ സെറ്റ്‌ലനുമായാണ് ഡയാന സംസാരിക്കുന്നത്.

ഡയാനാ രാജകകുമാരിയുടെ ജീവിതം പറയുന്ന ‘ഡയാന: ഇന്‍ ഹെര്‍ വേഡ്‌സ്’ എന്ന ഡോക്യുമെന്ററിയില്‍ അവരുടെ ഈ സംഭാഷണശകലങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചാനല്‍ 4 ല്‍ അടുത്തയാഴ്ച ഡോക്യുമെന്ററി സംപ്രേഷണം ചെയ്യും. ബാരി മനാകി എന്നായിരുന്നു റോയല്‍ പ്രൊട്ടക്ഷന്‍ സക്വാഡിലെ ആ സുരക്ഷാ ഭടന്റെ പേര്.

“എല്ലാം ഉപേക്ഷിച്ച് അയാള്‍(ബാരി)ക്കൊപ്പം പോകുന്നതില്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു”. അതൊരു നല്ല ആശയമാണെന്ന് അയാള്‍ ഇടയ്ക്കിടെ പറയുകയും ചെയ്യുമായിരുന്നു. ബാരി തനിക്ക് മാനസികമായ പിന്തുണ നല്‍കുകയും ചുമതലകള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ പ്രോത്സാഹനം നല്‍കുകയും ചെയ്തിരുന്നതായും സംഭാഷണത്തില്‍ ഡയാന പറയുന്നുണ്ട്. എനിക്കുണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല സുഹൃത്തായിരുന്നു അയാള്‍- ഡയാന കൂട്ടിച്ചേര്‍ക്കുന്നു. ചാള്‍സുമായുള്ള വിവാഹബന്ധത്തിലെ അസ്വാരസ്യങ്ങള്‍ എലിസബത്ത് രാജ്ഞിയോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ നിസ്സഹായ ആയിരുന്നെന്നും ഡയാന പറയുന്നുണ്ട്. ഇരുപത് വര്‍ഷം മുമ്പ് 1997 ഓഗസ്റ്റ് 31നാണ് കാര്‍ അപകടത്തില്‍ ഡയാന മരിച്ചത്.


കടപ്പാട്: ഗാർഡിയൻ

ഡയാനയുടെ പ്രൈവറ്റ് സെക്രട്ടറി പാട്രിക്ക് ജെഫ്‌സണ്‍, അടുത്ത സുഹൃത്തായിരുന്ന ജെയിംസ് കോള്‍ത്രസ്റ്റ് എന്നിവരും ഡയാനയുടെ ഓര്‍മകള്‍ ഡോക്യുമെന്ററിയില്‍ പങ്കു വയ്ക്കുന്നുണ്ട്. ഡയാനയുടെ സംഭാഷണശകലങ്ങള്‍ ഉള്‍പ്പെട്ട ടേപ്പുകളുടെ പ്രക്ഷേപണത്തില്‍നിന്ന് പിന്മാറണമെന്ന് അവരുടെ സഹോദരന്‍ ഏള്‍ സ്‌പെന്‍സര്‍ ചാനല്‍ 4 നോട് ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ