ലണ്ടന്‍: പീഡനം അതീവ ദുഃഖകരമായ കാര്യമാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ സര്‍ക്കാരിന്റെ കാലത്തെയും മുന്‍ സര്‍ക്കാരിന്റെ കാലത്തെയും പീഡനങ്ങളുടെ എണ്ണം താരതമ്യം ചെയ്യാന്‍ താനുദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ ‘ഭാരത് കീ ബാത്, സബ് കെ സാത്’ പരിപാടിയില്‍ സംവദിക്കുകയായിരുന്നു മോദി.
തന്നെ മാത്രമായി വിമര്‍ശിക്കുന്നതില്‍ സന്തോഷമേയുള്ളൂ, തന്നെ അക്രമിച്ചുകൊള്ളൂ, പക്ഷെ തന്റെ ജനങ്ങളെ വെറുതെ വിടണമെന്നും മോദി പറഞ്ഞു. ഇന്ത്യയ്ക്കു ലക്ഷക്കണക്കിനു പ്രശ്നങ്ങളുണ്ട്. അതിനെല്ലാം കോടിക്കണക്കിനു പരിഹാരവുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും നെഹ്റു കുടുംബത്തേയും പരോക്ഷമായി പരിഹസിക്കുകയും ചെയ്തു മോദി.
”ഞാന്‍ നിങ്ങളെപ്പോലെ സാധാരണക്കാരനാണ്. ജന്മനാ പ്രധാനമന്ത്രി പദവിയിലെത്താന്‍ മാത്രം മഹത്തമുള്ള ആരുടെയും ചെറുമകനോ മകനോ അല്ല. സാധാരണക്കാര്‍ക്കു സംഭവിക്കാവുന്ന വീഴ്ചകള്‍ എനിക്കുമുണ്ടാകും.” എന്നായിരുന്നു മോദിയുടെ വാക്കുകള്‍.
സര്‍ജിക്കല്‍ സ്ട്രൈക്കിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും മോദി ഉത്തരം നല്കി. ഇന്ത്യ ആരുടേയും ഭൂമി കയ്യേറിയിട്ടില്ലെന്നും ഭീകരവാദത്തെ കയറ്റി അയക്കുന്നവര്‍ക്ക് അതേ നാണയത്തില്‍ തന്നെ മറുപടി പറയുമെന്നായിരുന്നു മോദിയുടെ പ്രതികരണം.