തമിഴ് നടന് ചിയാന്‍ വിക്രമിന്റെ മകന് ധ്രുവ് ഓടിച്ചിരുന്ന കാറിടിച്ച് മൂന്നു പേര്‍ക്ക് പരുക്ക്. ഇന്നു രാവിലെയാണ് അപകടം സംഭവിച്ചത്. ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളുടെ ഇടയലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറുകയായിരുന്നു.
മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം ധ്രുവ് തന്റെ ആഢംബര കാറില്‍ യാത്ര ചെയ്യുകയായിരുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. തേനംപേട്ട് പൊലീസ് കമ്മീഷണറുടെ വീടിനടുത്ത് വച്ച് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം സംഭവിക്കുകയാണ് ചെയ്തത്.
അപകടത്തില്‍ മൂന്ന് ഓട്ടോറിക്ഷകള്‍ക്കും സാരമായ തകരാറാണ് സംഭവിച്ചിരിക്കുന്നത്. ഒപ്പം ഒരു ഓട്ടോറിക്ഷയില്‍ ഉറങ്ങിക്കിടന്നിരുന്ന ഡ്രൈവര്‍ക്കും ഗുരുതരമായ പരുക്ക് പറ്റി. കാലൊടിഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവം അറിഞ്ഞ ഉടനെ പോണ്ടി ബസാര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്ത് എത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. നിലവില്‍ അന്വേഷണം നടക്കുകയാണ്.
സംവിധായകന് ബാല ഒരുക്കുന്ന ‘വര്‍മ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ധ്രുവ് വിക്രം. തെലുങ്കില്‍ വിജയ് ദേവരകൊണ്ട നായകനായ ‘അര്ജുന് റെഡ്ഡി’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ‘വര്‍മ’. സിനിമയുടെ ചിത്രീകരണം നടന്നുവരികയാണ്.