ഗുവാഹട്ടി: ബ്രഹ്മപുത്ര നദിക്ക് കുറുകെ രാജ്യത്തെ ഏറ്റവും വലിയ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചു. അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ ഭൂപൻ ഹസാരികയുടെ പേര് പാലത്തിന് നൽകി. ധോല-സാദിയ പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം അസമിന്റെ സാമ്പത്തിക വളർച്ചയിൽ മുഖ്യമായ പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

“ബ്രഹ്മപുത്ര നദിയുടെ തീരത്ത് ജനിച്ച ഇതിഹാസ സംഗീതജ്ഞൻ ഭൂപൻ ഹസാരികയുടെ പേര് പാലത്തിന് നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നു. ബ്രഹ്മപുത്രയെ കുറിച്ച് പലകുറി പാടിയ അദ്ദേഹം ഈ നാടിന്റെ സാംസ്കാരിക മഹത്വം ലോകം മുഴുവൻ വ്യാപിപ്പിച്ചു. അദ്ദേഹത്തിന്റെ ജന്മനാട്ടിലെ പാലത്തിന് അദ്ദേഹത്തിന്റെ പേര് നൽകി എക്കാലവും ഓർമ്മിക്കുന്നതിനേക്കാൾ വലുതായി ഒന്നും നൽകാനില്ല” എന്ന് പ്രധാനമന്ത്രി പറഞ്ഞു.

പാലത്തിന്റെ ആദ്യാവസാനം വാഹനത്തിൽ യാത്ര ചെയ്ത ശേഷം പ്രധാനമന്ത്രി ഒറ്റയ്ക്ക് പാലത്തിലൂടെ നടന്നു. പിന്നീട് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി, അസം മുഖ്യമന്ത്രി സർബാനന്ദ സോനാവാൽ, ഗവർണർ ബൻവാരിലാൽ പുരോഹിത് എന്നിവർക്കൊപ്പം പിന്നെയും പാലത്തിലൂടെ പ്രധാനമന്ത്രി നടന്നു.

പാലം നിർമ്മാണം വൈകിപ്പിച്ചതിന് കോൺഗ്രസിനെ കടന്നാക്രമിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി മറന്നില്ല. “2003 ൽ ബിജെപി എംഎൽഎ ജഗദീഷ് ഭുവന്റെ ആവശ്യാർത്ഥം അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയാണ് പാലത്തിന്റെ സാധ്യതാ പഠനം നടത്താൻ ആവശ്യപ്പെട്ടത്. എന്നാൽ ഒന്നും രണ്ടും യുപിഎ സർക്കാരുകൾ ഒന്നും ചെയ്തില്ല. അല്ലെങ്കിൽ പത്ത് വർഷം മുൻപ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുമായിരുന്നു”വെന്ന് പ്രധാനമന്ത്രി പറഞ്ഞു.

“തെക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സാമ്പത്തിക വളർച്ചയ്ക്ക് പാലം വലിയ ഉണർവേകുമെന്ന്” പറഞ്ഞ പ്രധാനമന്ത്രി, “സാദിയയിലെ ഇഞ്ചി കർഷകർക്ക് ആഗോള വിപണിയിലേക്ക് വഴിതുറക്കുമെന്നും” വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ