ന്യൂഡൽഹി: സ്വകാര്യ ധനകാര്യ സ്ഥാപനമായ ഡിഎച്ച്എഫ്എൽ (ദിവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡ്) 2011 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ 12,773 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. ഒരു ലക്ഷം വ്യാജ ബാങ്ക് അക്കൗണ്ടുകളിലേക്ക് വായ്പയായി പണം മാറ്റിയായിരുന്നു തട്ടിപ്പ്. എന്നാൽ 12,773 കോടി രൂപ എത്തിയത് ഡിഎച്ച്എഫ്എല്ലുമായി ബന്ധമുള്ള 79 കമ്പനികളിലേക്കാണെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.

അഞ്ച് കമ്പനികൾക്ക് 2186 കോടി രൂപ വായ്പയായി നൽകിയ കേസിൽ പരിശോധന പുരോഗമിക്കുന്നതിനിടയിലാണ് ഇത്രയധികം രൂപയുടെ തട്ടിപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്. നേരത്തെ പണമിടപാട് കേസിൽ ഡിഎച്ച്എഫ്എൽ പ്രമോട്ടർ കപിൽ വാധവാനെ ഈ ആഴ്ച ആദ്യം ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം സമർപ്പിച്ച കേസിലെ അഞ്ചാമത്തെ അറസ്റ്റാണിത്. ഡിഎച്ച്എഫ്എൽ തട്ടിപ്പ് കേസിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് കപിൽ വാധവാനെന്നാണ് റിപ്പോർട്ട്.

ഫെയ്ത്ത് റിയൽറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, മാഞ്ഞവൽ ടൗൺഷിപ്പ് പ്രൈവറ്റ് ലിമിറ്റഡ്, എബിൾ റിയാൽറ്റി പ്രൈവറ്റ് ലിമിറ്റഡ്, പൊസീഡൻ റിയാൽറ്റി പ്രൈവറ്റ് ലിമിറ്റഡ്, റാൻഡം റിയൽറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ അഞ്ച് കമ്പനികൾക്ക് വായ്പ നൽകിയ കേസിൽ നടത്തിയ അന്വേഷണത്തിൽ ഈ കമ്പനികൾ പിന്നീട് സൺബ്ലിങ്ക് റിയൽ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡിൽ ലയിച്ചുവെന്ന് കണ്ടെത്തി.

സൺബ്ലിങ്ക് മുംബൈയിലെ വർളിയിൽ മിർച്ചിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് വസ്തുവകകൾ സ്വന്തമാക്കിയതായും കണ്ടെത്തിയിരുന്നു. ഡിഎച്ച്എഫിൽ നിന്ന് ഇത്തരത്തിൽ തങ്ങളുടെ പ്രോമട്ടർമാരായ കമ്പനികൾക്ക് വായ്പ ലഭിച്ചത് നിയമവിരുദ്ധമാണ്.

ഇഖ്ബാൽ മിർച്ചിയുടെ ഉടമസ്ഥതയിലുള്ള റാബിയ മാൻഷൻ, സീ വ്യൂ, മാറിയം ലോഡ്ജ് എന്നീ കെട്ടിടങ്ങളാണ് 225 കോടി രൂപയ്ക്ക് സൺബ്ലിങ്ക് സ്വന്തമാക്കിയത്. ഇത് കള്ളപ്പണ വെളിപ്പിക്കുന്നതിന്റെ ഭാഗമാണെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. ഇതിന് പുറമെ മറ്റു ചില സ്ഥാപനങ്ങളിലും നിക്ഷേപത്തിന് കമ്പനി ശ്രമിച്ചിരുന്നു.

വാർത്ത: ഖുശ്ബൂ നാരായൺ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook