ബുഭനേശ്വര്‍: അമേരിക്കയുടെ ‘ഒറ്റതിരിഞ്ഞ’ നയമാണ് ആഗോളവിപണിയില്‍ എണ്ണവില കൂടാന്‍ കാരണമാക്കുന്നതെന്നും അത് ഇന്ത്യയേയും വേട്ടയാടുന്നതായും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍. പെട്രോളിനും ഡീസലിനും വില വര്‍ധിക്കുന്നതില്‍ കേന്ദ്രം ആശങ്കപ്പെടുന്നുണ്ടെന്നും വില കുറക്കാനുളള എല്ലാ സാധ്യതകളും പരിശോധിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘അമേരിക്കയുടെ ഒറ്റതിരിഞ്ഞ നയം കൊണ്ട് ഡോളറിനെ അപേക്ഷിച്ച് എല്ലാ രാജ്യത്തേയും കറന്‍സികളുടെ മൂല്യം താഴേക്ക് പോവുകയാണ്’, ഒഡീഷയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ധനവ് കേന്ദ്രം നോക്കിക്കാണുന്നുണ്ടെന്നും നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവായിരുന്നു രൂപയ്ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 71 ആയി കുറഞ്ഞു. ഒരു അമേരിക്കന്‍ ഡോളര്‍ കിട്ടണമെങ്കില്‍ 71 രൂപ കൊടുക്കണം എന്നതാണ് സ്ഥിതി. ഈ നിലയില്‍ നിന്ന് പെട്ടെന്നുള്ള ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പും സാധ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത് എങ്കിലും പ്രവാസികളെ സംബന്ധിച്ച് ഇതു ശുഭവാര്‍ത്തയാണ്. പ്രവാസികള്‍ക്ക് അയക്കുന്ന പണത്തിന്റെ മൂല്യത്തിലും വലിയ വ്യത്യാസം ആണ് ഉണ്ടാകുന്നത്. മൂന്ന് ദിവസം കൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ചയിലാണ് ഇന്ത്യന്‍ രൂപ ഇപ്പോഴുള്ളത്. നേരത്തെ തന്നെ ഡോളറുമായുള്ള വിനിമയ നിരക്ക് എഴുപത് പിന്നിട്ടിരുന്നു. ഇപ്പോഴത് 71 രൂപയായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസവും നഷ്ടത്തിലായിരുന്നു വിപണിയുടെ തുടക്കം. ചെറിയ രീതിയില്‍ മുന്നേറ്റം ഇടയ്ക്കിടെ കാണിച്ചിരുന്നെങ്കിലും രൂപയുടെ മൂല്യം പിന്നേയും താഴേക്ക് പോവുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ