തൂത്തുക്കുടി: തൂത്തുക്കുടി പൊലീസ് വെടിവയ്‌പില്‍ കൊല്ലപ്പെട്ട തന്‍റെ ആരാധകന്‍ കാളിയപ്പന്‍ എന്ന എസ്.രഘുവിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നടന്‍ ധനുഷ്. ചൊവ്വാഴ്ച തൂ​ത്തു​ക്കു​ടി​യി​ൽ സ്റ്റെ​ർ​ലൈ​റ്റ് വിരു​ദ്ധ സ​മ​ര​ക്കാ​ർ​ക്ക് നേ​രെ പൊലീസ് നടത്തിയ അക്രമത്തിന്‍റെ പന്ത്രണ്ടു ഇരകളില്‍ ഒരാളാണ് ധനുഷ് ആരാധകനായ ഈ ചെറുപ്പക്കാരന്‍.

“ധനുഷ് വെല്‍ഫെയര്‍ അസോസിയേഷന്‍ മെംബര്‍ ആയ കാളിയപ്പന്‍ എന്ന എസ്.രഘുവിന്‍റെ മരണം എന്നെ വല്ലാതെ ഞെട്ടലിലാഴ്ത്തി. അദ്ദേഹത്തിന്‍റെ കുടുംബത്തിന് എന്‍റെ അനുശോചനങ്ങള്‍ അറിയിക്കുന്നു. ഇന്ത്യയിലേക്ക് മടങ്ങി വന്നതിന് ശേഷം ആ കുടുംബത്തെ നേരിട്ട് പോയി കാണും. രഘുവിന്‍റെ ആത്മാവിന് ശാന്തി കിട്ടട്ടെ.”, എന്ന് ധനുഷ് ട്വിറ്ററില്‍ കുറിച്ചു.

 

ദാരുണമായി വെടിയേറ്റ്‌ പിടയുന്ന കാളിയപ്പന്‍റെ നേര്‍ക്ക്‌ പൊലീസ് ആക്രോശിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘അവന്‍ അഭിനയിക്കുകയാണ്, അഭിനയിക്കുന്നത് നിര്‍ത്തിക്കോ’, എന്ന് പൊലീസുകാര്‍ ശബ്ദമുയര്‍ത്തുന്നത് വീഡിയോയില്‍ കേള്‍ക്കാം.

വായിക്കാം: വെടിയേറ്റ്‌ പിടയുന്ന ചെറുപ്പക്കാരന്‍റെ നേര്‍ക്ക്‌ ആക്രോശിക്കുന്ന പോലീസ്

ന്യൂസ് മിനിറ്റിലെ മാധ്യമപ്രവര്‍ത്തകയായ അന്ന ഐസക് ആണ് വീഡിയോ ട്വീറ്റ് ചെയ്തത്. പൊലീസ് വെടിവയ്‌പില്‍ പരുക്കേറ്റ കാളിയപ്പനെ തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൊലീസ് വെടിവയ്‌പില്‍ മരിച്ചവര്‍ക്ക് വേണ്ടി തമിഴ് സിനിമാ രംഗമാകെ ശബ്ദമുയര്‍ത്തി മുന്നോട്ട് വന്നിരിക്കുന്ന സാഹചര്യമാണ്. വെടിവയ്‌പ് നടന്ന ദിവസം ധനുഷ് ഇങ്ങനെ കുറിച്ചിരുന്നു.

“സ്റ്റെ​ർ​ലൈ​റ്റ് പ്ലാന്റിനെതിരെ പ്രതിഷേധിക്കുന്നവരുടെ വികാരങ്ങള്‍ മാനിക്കപ്പെടണം. അവര്‍ക്ക് നീതി ലഭിക്കണം. ഈ സംഭവത്തിന്‌ കാരണക്കാരായവര്‍ ശിക്ഷിക്കപ്പെടണം.”, ചൊവ്വാഴ്ച ഈ സംഭവം നടന്നതിന്‍റെ പാശ്ചാത്തലത്തില്‍ ധനുഷ് ട്വിറ്ററില്‍ പറഞ്ഞിരുന്നു .

തന്‍റെ പുതിയ ചിത്രമായ ‘ദി എക്സ്ട്രാ ഓര്‍ഡിനറി ജേർണി ഓഫ് എ ഫക്കീര്‍’ എന്ന ചിത്രത്തിന്‍റെ പ്രചാരണവുമായി ബന്ധപ്പെട്ടു വിദേശത്താണ് ധനുഷ് ഇപ്പോള്‍.  രജനീകാന്തിന്‍റെ മകളുടെ ഭര്‍ത്താവും നിര്‍മ്മാതാവും കൂടിയായ ധനുഷ് നിര്‍മ്മിക്കുന്ന ‘കാലാ’ എന്ന ചിത്രം ജൂണ്‍ 7ന് റിലീസ് ചെയ്യാനിരിക്കുന്ന സാഹചര്യത്തില്‍ ധനുഷ് ഉടന്‍ തന്നെ ഇന്ത്യയിലേക്ക് മടങ്ങും എന്നാണ് കരുതപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ