മധുര: നടൻ ധനുഷ് തങ്ങളുടെ മകനാണെന്ന വാദം ഉന്നയിച്ച് ദമ്പതികൾ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഇന്ന് രാവിലെ കേസിൽ വിധി പറഞ്ഞത്.

തമിഴ്നാട് മധുര ജില്ലയിലെ മാലംപട്ടയിലുള്ള കതിരേശൻ-മീനാക്ഷി ദമ്പതികളാണ് തങ്ങളുടെ മകനാണ് ധനുഷ് എന്ന അവകാശവാദവുമായി രംഗത്ത് വന്നത്. കുട്ടിക്കാലത്ത് നാടുവിട്ട് പോയ തങ്ങളുടെ മൂന്നാമത്തെ കുഞ്ഞാണ് ധനുഷ് എന്നായിരുന്നു ഇവരുടെ വാദം.

ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ഞെട്ടലുണ്ടാക്കിയ ഈ അവകാശവാദം തള്ളി ധനുഷും കുടുംബവും രംഗത്ത് വന്നിരുന്നു. എന്നാൽ ദമ്പതികൾ മകനാണെന്ന അവകാശവാദം ഉന്നയിച്ച് കോടതിയെ സമീപിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു.

1985 ൽ നവംബർ ഏഴിന് ജനിച്ച ധനുഷിന്റെ യഥാർത്ഥപേര് കാളികേശവൻ എന്നാണെന്ന് ഇവർ ഹർജിയിൽ പറയുന്നു. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവുമായി നടന്ന മകൻ സ്കൂൾ പഠന കാലത്ത് നാടു വിട്ടതാണെന്നും ഇയാളെ സംവിധായകൻ കസ്തൂരി രാജ കൈക്കലാക്കുകയായിരുന്നുവെന്നും ദമ്പതിമാർ ആരോപിച്ചു.

ഇതിന് കാളികേശവന്റെ ജനന സർട്ടിഫിക്കറ്റ് രേഖകളും സ്കൂൾ രേഖകളും ദമ്പതിമാർ ഹാജരാക്കിയിരുന്നു. എന്നാൽ ശരീരത്തിലെ തിരിച്ചറിയാനുള്ള അടയാളങ്ങൾ ദമ്പതിമാർ പറഞ്ഞത് ധനുഷിന്റെ ശരീരത്തിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഇത് വിദഗ്ദ്ധ ചികിത്സയിൽ മായ്ച്ച് കളഞ്ഞതാവാമെന്ന ദമ്പതികളുടെ സംശയത്തെ തുടർന്ന് കേസ് കോടതി വിശദമായി വാദം കേട്ടു.

മാതാപിതാക്കൾക്ക് പ്രതിമാസം 65000 രൂപ ജീവിതച്ചെലവിന് നൽകണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇവർ കോടതിയെ സമീപിച്ചത്. പണം തട്ടിയെടുക്കാൻ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് ധനുഷിന്റെ കുടുംബം ഇതിനോട് പ്രതികരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ