ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡിലെ ധന്‍ബാദ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഉത്തം ആനന്ദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കു മരണം വരെ കഠിന തടവ്. പ്രതികളായ ലഖന്‍ വര്‍മയ്ക്കും രാഹുല്‍ വര്‍മയ്ക്കും ധന്‍ബാദ് സെഷന്‍സ് കോടതിയാണു ശിക്ഷ വിധിച്ചത്.
പ്രതികള്‍ക്കും 30,000 രൂപ പിഴ ഒടുക്കുകയും വേണം. ഇരുവരും കുറ്റക്കാരാണെന്നു കോടതി കഴിഞ്ഞമാസം കണ്ടെത്തിയിരുന്നു.
ജഡ്ജി ഉത്തം ആനന്ദ് കൊല്ലപ്പെട്ട് ഒരു വര്‍ഷത്തിനുശേഷമാണു ശിക്ഷാവിധിയുണ്ടായിരിക്കുന്നത്. പ്രഭാത നടത്തത്തിനി ജഡ്ജിയെ ഓട്ടോറിക്ഷ ഇടിച്ചുവീഴ്ത്തുകയാണു. തലയ്ക്ക് പരുക്കേറ്റായിരുന്നു മരണം.
ജഡ്ജിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു കുറ്റകൃത്യത്തിന്റെ പ്രേരണയെന്നും ഐപിസി 302-ാം വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെടേണ്ട ആസൂത്രിത പ്രവൃത്തിയാണിതെന്നും വിചാരണയില്‍ പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാല്‍ മനപ്പൂര്‍വം ഇടിച്ചതല്ലെന്നും കൃത്യം കൊലപാതകത്തിനു തുല്യമല്ലാത്ത കുറ്റകരമായ നരഹത്യയെന്ന കുറ്റത്തിന്റെ പരിധിയില്‍ മാത്രമേ വരികയുള്ളൂവെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
”ഇരു പ്രതികളും കൊലപാതകത്തിനു കുറ്റക്കാരാണെന്ന് ജഡ്ജി വിധിച്ചു. ഓട്ടോറിക്ഷ ബോധപൂര്‍വം ജഡ്ജിക്കു നേരെ തിരിഞ്ഞ് ഇടിക്കുകയായിരുന്നുവെന്ന ഏക ദൃക്‌സാക്ഷി ശരവണ്‍ കുമാറിന്റെ മൊഴി കോടതി പരിഗണിച്ചു. പ്രതികള്‍ ഇരുവരും ലഹരിയിലായിരുന്നില്ലെന്നു വ്യക്തമാക്കുന്ന കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോട്ടറി റിപ്പോര്‍ട്ടും കോടതി കണക്കിലെടുത്തു,” പ്രതിഭാഗം അഭിഭാഷകന്‍ കുമാര്‍ ബിംലേന്ദു ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ധന്‍ബാദിലെ ദിഗ്വാദിഹ് നിവാസികളായ ലഖന്‍ വര്‍മയ്ക്കും രാഹുല്‍ വര്‍മയ്ക്കുമെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു ഝാര്‍ഖണ്ഡ് പൊലീസ് കേസെടുത്തിരുന്നത്. സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്താണെന്നാണു പൊലീസ് സംശയിച്ചത്.