ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്കു തുടര്‍ച്ചയായി സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് സ്പൈസ് ജെറ്റിനു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി ജി സി എ) നിയന്ത്രണം. അടുത്ത എട്ടാഴ്ചത്തേക്ക് 50 ശതമാനം വിമാനങ്ങള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂവെന്ന് ഡി ജി സി എ ഉത്തരവിട്ടു.
വിമാനങ്ങളില്‍ തുടർച്ചായി സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സ്പൈസ് ജെറ്റിനു ജൂലൈ ആറിനു ഡി ജി സി എ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. സ്പൈസ് ജെറ്റ് വിമാനങ്ങളിൽ ജൂണ്‍ 19 മുതല്‍ സാങ്കേതിക തകരാറുമായി ബന്ധപ്പെട്ട എട്ട് സംഭവങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രണ്ടു ദിവസം മുന്‍പാണു നോട്ടിസിനു സ്‌പൈസ്ജെറ്റ് മറുപടി നല്‍കിയത്. ഇതേത്തുടര്‍ന്നാണു സര്‍വിസ് പകുതിയായി കുറയ്ക്കണമെന്ന നിലപാട് ഡി ജി സി എ സ്വീകരിച്ചത് നേരത്തെ അംഗീകരിച്ച വേനല്‍ക്കാല ഷെഡ്യൂള്‍ പ്രകാരമുള്ള സര്‍വിസുകളില്‍ 50 ശതമാനം കുറയ്ക്കാനാണ് ഉത്തരവ്.
”വിവിധ പരിശോധനകളുടെയും കണ്ടെത്തലുകളുടെയും സ്പൈസ് ജെറ്റ് സമര്‍പ്പിച്ച കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയുടെയും അടിസ്ഥാനത്തില്‍, സുരക്ഷിതവും വിശ്വസനീയവുമായ ഗതാഗതസേവനം ഉറപ്പുവരുത്താനുമായി സ്പൈസ് ജെറ്റിന്റെ പുറപ്പെടലുകളുടെ എണ്ണം 50 ശതമാനമായി പരിമിതപ്പെടുത്തി,”ഡി ജി സി എ വ്യക്തമാക്കി.