ന്യൂഡൽഹി: വിമാനത്താവളങ്ങൾക്കും വിമാനങ്ങൾക്കുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുതിയ കോവിഡ് മാർഗനിർദേശങ്ങളുമായി പുറപ്പെടുവിച്ചു. യാത്രയിലുടനീളം മാസ്കുകൾ നിർബന്ധമാണെന്നും അസാധാരണമായ സാഹചര്യങ്ങളിൽ മാത്രം മാസ്ക് നീക്കംചെയ്യാൻ അനുവദിക്കാവൂ എന്നും മാർഗനിർദേശത്തിൽ പറയുന്നു.
ഡൽഹി ഹൈക്കോടതി ഉത്തരവിന് അനുസൃതമായി, നിയമം ലംഘിക്കുന്നവരെ ‘അച്ചടക്കമില്ലാത്ത യാത്രക്കാരായി’ കണക്കാക്കാമെന്നും ഡിജിസിഎ പറഞ്ഞു. നിയമം ലംഘിക്കുന്നവരെ ‘നോ ഫ്ലൈ ലിസ്റ്റിൽ’ ഉൾപ്പെടുത്തുമെന്നും വ്യക്തമാക്കി.
പുതിയ മാർഗനിർദേശം പ്രകാരം യാത്രക്കാർ തുടർച്ചയായി മാസ്‌ക് ധരിക്കാനോ കോവിഡ് പ്രോട്ടോകോളുകൾ പാലിക്കാനോ വിസമ്മതിച്ചാൽ അവരെ വിമാനത്തിൽ നിന്ന് ഇറക്കിവിടുകയും അച്ചടക്കമില്ലാത്തവരെയായി കണക്കാക്കുകയും ചെയ്യും. വിമാനത്താവളങ്ങളിൽ ആണെങ്കിൽ ഇവർക്കെതിരെ പിഴ ചുമത്തുകയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്യും. കോവിഡ് ഉയരുന്ന സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശം.
അതേസമയം, രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,233 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 28,857 ആയി. കോവിഡ് ബാധിച്ച് ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 3,345 പേർ രോഗമുക്തി നേടി.
മുംബൈ, ഡൽഹി നഗരങ്ങളിലും കോവിഡ് കേസുകൾ കൂടുകയാണ്. മുംബൈയിൽ ഇന്നലെ 1,242 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ 450 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
Also Read: രാജ്യത്ത് 5,233 പുതിയ കോവിഡ് കേസുകൾ, സജീവ കേസുകളുടെ എണ്ണം 28,857 ആയി