ന്യൂഡൽഹി: രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടി. നേരത്തേ പ്രഖ്യാപിച്ച വിലക്ക് ജൂലൈ 31ന് അവസാനിക്കാനിരിക്കേയാണ് പുതിയ തീരുമാനം. അന്താരാഷ്ട്ര ഷെഡ്യൂൾഡ് വിമാനസർവീസുകൾക്കുള്ള നിരോധനം അടുത്തമാസം 31 വരെ തുടരുമെന്ന് സിവിൽ വ്യോമയാന ഡയരക്ടറേറ്റ് ജനറൽ അറിയിച്ചു. നേരത്തേ ജൂൺ 30 വരെ പ്രഖ്യാപിച്ച വിലക്ക് ജൂലൈ 15ലേക്കും ജൂലൈ 31ലേക്കും നീട്ടിയിരുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 25നാണ് രാജ്യാന്തര വിമാന സർവീസുകൾ റദ്ദാക്കിയത്. മേയ് ആറു മുതൽ വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയർ ഇന്ത്യ വിമാനങ്ങൾ വിദേശത്തുനിന്ന് സർവീസ് നടത്തിയിരുന്നു. മേയ് 25 മുതൽ എയർ ഇന്ത്യയും സ്വകാര്യ വിമാന കമ്പനികളും ആഭ്യന്തര സർവീസും ആരംഭിച്ചു. എന്നാൽ ഷെഡ്യൂൾഡ് അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് തുടരുകയായിരുന്നു.

Read More: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്താണ്‌?

രാജ്യത്ത് ഓഗസ്റ്റിൽ അൺലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള ഇളവുകൾ പ്രാബല്യത്തിൽ വരാനിരിക്കുകയാണ്.  അൺലോക്ക് മൂന്നിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ അടുത്തിടെ പുറപ്പെടുവിച്ചിരുന്നു. ഓഗസ്റ്റ് അഞ്ച് മുതല്‍ രാത്രി കര്‍ഫ്യൂ ഒഴിവാക്കിയിട്ടുണ്ട്. യോഗാ കേന്ദ്രങ്ങളും ജിംനേഷ്യങ്ങളും തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് രാത്രിയില്‍ ജനങ്ങള്‍ക്ക് യാത്ര ചെയ്യാം. എന്നാൽ സ്‌കൂളുകള്‍ ഓഗസ്റ്റ് 31 വരെ അടഞ്ഞു കിടക്കും.

Read More: ലോകത്ത് കോവിഡ് ബാധിതർ 1.68 കോടി കവിഞ്ഞു; ഇന്ത്യയിൽ 16 ലക്ഷത്തിലധികം

അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം ആശങ്കാകരമായി വർധിക്കുകയാണ്. ലോകത്ത് ഏറ്റവുമധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 779 പേരാണ് മരണപ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 35,747 ആയി. നേരത്തേ ഇറ്റലിയായിരുന്നു മരണസംഖ്യയിൽ അഞ്ചാമത്. ഇറ്റലിയില്‍ ഇതുവരെ 35,132 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

പുതിയ കോവിഡ് കേസുകളുടെ വർദ്ധനവ് തടയുന്നതിനായി തമിഴ്‌നാടും ബീഹാറും സംസ്ഥാന വ്യാപക ലോക്ക്ഡൗൺ ദീർഘിപ്പിച്ചിട്ടുണ്ട്. തമിഴ്നാട് ഓഗസ്റ്റ് 31 വരെയും ബീഹാർ ഓഗസ്റ്റ് 16 വരെയുമാണ് ലോക്ക്ഡൗൺ നീട്ടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook