ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ 55 യാത്രക്കാരെ കയറ്റാതെ പുറപ്പെട്ട ഗോ ഫസ്റ്റ് വിമാനക്കമ്പനിക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) 10 ലക്ഷം രൂപ പിഴ ചുമത്തിയതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, ലോഡും ട്രിം ഷീറ്റും തയ്യാറാക്കല്‍, ഫ്‌ലൈറ്റ് ഡിസ്പാച്ച്, പാസഞ്ചര്‍ / കാര്‍ഗോ കൈകാര്യം ചെയ്യല്‍ എന്നിവയ്ക്ക് മതിയായ ക്രമീകരണം ഉറപ്പാക്കുന്നതില്‍ എയര്‍ലൈന്‍ പരാജയപ്പെട്ടതായി ഡിജിസിഎ പ്രസ്താവനയില്‍ പറഞ്ഞു
വിമാനത്തില്‍ യാത്രക്കാരെ കയറ്റുന്നതുമായി ബന്ധപ്പെട്ട് ടെര്‍മിനല്‍ കോഓര്‍ഡിനേറ്റര്‍, കൊമേഴ്സ്യല്‍ സ്റ്റാഫ്, ക്രൂ എന്നിവര്‍ തമ്മില്‍ തെറ്റായ ആശയവിനിമയമാണ് നടന്നതെന്ന് ഗോ ഫസ്റ്റ് നല്‍കിയ മറുപടി പരിശോധിക്കുമ്പോള്‍ വെളിപ്പെടുന്നതായും ഡിജിസിഎ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ, ഏവിയേഷന്‍ റെഗുലേറ്റര്‍ ഗവര്‍ണര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.
ജനുവരി 9 ന്, ഗോ ഫസ്റ്റ് ഫ്‌ലൈറ്റ് G8116 (ബെംഗളൂരു-ഡല്‍ഹി) വിമാനമാണ് രാവിലെ 6:30 ന് 55 യാത്രക്കാരെ കയറ്റാതെ പുറപ്പെട്ടത്. സംഭവത്തിന് പിന്നാലെ യാത്രക്കാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപക പരാതി ഉന്നയിച്ചിരുന്നു. തുടര്‍ന്ന് മാധ്യമ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ ഡിജിസിഎ വിമാനക്കമ്പനിയോട് വിശദീകരണം തേടുകയായിരുന്നു.