ന്യൂഡല്‍ഹി: നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ (എന്‍സിഎല്‍ടി) പാപ്പരത്തത്തിനായി ഫയല്‍ ചെയ്ത ഗോ ഫസ്റ്റ് എയര്‍ലൈന്‍സിനോട് ഇനിയൊരുത്തരവുണ്ടാകുന്നത് വരെ ടിക്കറ്റ് വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നിര്‍ദേശം.
സുരക്ഷിതവും കാര്യക്ഷമവും വിശ്വസനീയവുമായ രീതിയില്‍ പ്രവര്‍ത്തനം തുടരുന്നതില്‍ പരാജയപ്പെട്ടതിന്, 1937ലെ എയര്‍ക്രാഫ്റ്റ് നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകള്‍ പ്രകാരം ഗോ ഫസ്റ്റിന് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗോ ഫസ്റ്റ് അറിയിച്ചു. ഏവിയേഷന്‍ റെഗുലേറ്റര്‍ കമ്പനിയുടെ എയര്‍ ഓപ്പറേറ്റേഴ്സ് സര്‍ട്ടിഫിക്കറ്റ് (എഒസി) തുടരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും, കാരണം കാണിക്കല്‍ നോട്ടിസില്‍ കമ്പനിയുടെ മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും ഇത്.
നാഷണല്‍ കമ്പനി ഓഫ് ലോ ട്രൈബ്യൂണലിനോട് (എന്‍സിഎല്‍ടി) പാപ്പരത്വ ഹര്‍ജിയില്‍ അടിയന്തിരമായി ഒരു ഉത്തരവ് പുറപ്പെടുവിക്കാന്‍ എയര്‍ലൈന്‍ കമ്പനി ആവശ്യപ്പെട്ടതിന് ശേഷമാണ് ഡിജിസിഎ നടപടി.
പ്രവര്‍ത്തന കാരണങ്ങളാല്‍ മെയ് 12 വരെ ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് എയര്‍ലൈന്‍ വെള്ളിയാഴ്ച അറിയിച്ചു. നേരത്തെ കമ്പനി മെയ് 9 വരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു, മെയ് 15 വരെ ബുക്കിംഗ് നിര്‍ത്തിവച്ചിരുന്നു.
മെയ് 3 വരെ തങ്ങളുടെ സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി എയര്‍ലൈന്‍ പ്രഖ്യാപിച്ചതിന് ശേഷം ഗോ ഫസ്റ്റ് എന്‍സിഎല്‍ടിക്ക് മുമ്പായി സ്വമേധയാ പാപ്പരത്വ നടപടിക്ക് അപേക്ഷ നല്‍കി.