ന്യൂഡല്‍ഹി: വിമാനത്തില്‍ അച്ചടക്കമില്ലാതെ പെരുമാറുന്ന യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ മറ്റെല്ലാ സാധ്യതകളും അവസാനിക്കുകയാണെങ്കില്‍ ‘നിയന്ത്രണ ഉപകരണങ്ങള്‍’ ഉപയോഗിക്കാന്‍ നിര്‍ദേശിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ). വിമാനക്കമ്പനികളുടെ ഓപ്പറേഷന് മേധാവികള്‍ക്കാണ് ഈ നിര്‍ദേശം നല്‍കിയത്.
എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്രക്കാരികളുടെ ദേഹത്ത് സഹയാത്രികര്‍ മൂത്രമൊഴിച്ച രണ്ടു സംഭവം വന്‍ ജനരോഷത്തിന് ഇടയാക്കിയ സാഹചര്യത്തിലാണു ഡി ജി സി എ നിര്‍ദേശം പുറപ്പെടുവിച്ചത്.
അച്ചടക്കമില്ലാതെ പെരുമാറുന്ന യാത്രക്കാരെ കൈകാര്യം ചെയ്യുന്നതില്‍ എല്ലാ അനുരഞ്ജന സമീപനങ്ങളും അവസാനിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണ ഉപകരണങ്ങള്‍ പ്രയോഗിക്കണമെന്നു ഡി ജി സി എ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
”അടുത്തിടെ, വിമാനത്തില്‍ യാത്രക്കാര്‍ അനിയന്ത്രിതവും അനുചിതവുമായും പെരുമാറിയ ചില സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. ഈ സംഭവങ്ങളില്‍ പൈലറ്റുമാര്‍, ക്യാബിന് ക്രൂ അംഗങ്ങള്‍ എന്നിവര്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുന്നതില്‍ പരാജയപ്പെട്ടതായി നിരീക്ഷിക്കപ്പെടുന്നു,”ഡി ജി സി എ പറഞ്ഞു.
ഇത്തരം സംഭവങ്ങളില്‍ വിമാനക്കമ്പനികളുടെ ഭാഗത്തുനിന്നുള്ള അനുചിതമായ നടപടികള്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിമാനയാത്രയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ചുവെന്നും ഡി ജി സി എ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം എയര്‍ ഇന്ത്യയുടെ പാരീസ്-ന്യൂഡല്‍ഹി വിമാനത്തില്‍ മദ്യപിച്ച യാത്രക്കാരന് യാത്രക്കാരിയുടെ പുതപ്പില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയോട് ഡി ജി സി എ റിപ്പോര്‍ട്ട് തേടിയിരുന്നു. സംഭവം ഡി ജി സി എയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
10 ദിവസത്തിനുള്ളില്‍ എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായ സമാനമായ സ്വഭാവമുള്ള രണ്ടാമത്തെ സംഭവമാണിത്. നവംബര്‍ 26 നു ന്യൂയോര്‍ക്ക്-ന്യൂ ഡല്‍ഹി വിമാനത്തിലായിരുന്നു ആദ്യ സംഭവം. ബിസിനസ് ക്ലാസില്‍ മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന് വയോധികയുടെ മൂത്രമൊഴിക്കുകയായിരുന്നു.