മുംബൈയിലെ ഒരു വിശ്വാസി ഷിര്‍ദ്ദി സായി ബാബ ക്ഷേത്രത്തിലേക്ക് സംഭാവനയായി നല്‍കിയത് 39 ലക്ഷം രൂപയുടെ വിളക്ക്. 1351 ഗ്രാം സ്വര്‍ണം കൊണ്ട് ഉണ്ടാക്കിയ അഞ്ച് തിരി വിളക്കാണ് കാണിക്കയായി സമര്‍പ്പിച്ചത്. ജയന്ത്ഭായ് എന്ന മുംബൈ സ്വദേശിയാണ് ഇത്രയും വില കൂടിയ വിളക്ക് സംഭാവനായി നല്‍കിയതെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു.

ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്ന് ആരംഭിക്കുന്ന രാമനവമി ചടങ്ങുകളോട് മുന്നോടിയായാണ് അദ്ദേഹം സംഭാവന നല്‍കിയതെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. സായി ബാബയുടെ സമാധി മന്ദിരത്തില്‍ ചടങ്ങുകളുടെ ഭാഗമായി ഈ വിളക്ക് ഉപയോഗിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

മഹാവിഷ്ണുവിന്റെ ഏഴാം അവതാരമായ ശ്രീരാമന്റെ(രാമചന്ദ്രൻ) ജനനം ആഘോഷിക്കുന്ന ഉത്സവമാണ് രാമനവമി. ചൈത്രമാസത്തിന്റെ ഒമ്പതാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഈ ദിവസം ഹിന്ദുമത വിശ്വാസികൾ ഉപവാസമനുഷ്ഠിക്കുന്നു. അല്ലെങ്കിൽ നരകശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസം. ഈ ദിവസത്തിൽ ക്ഷേത്രങ്ങൾ ഭംഗിയായി അലങ്കരിക്കുന്നു. അമ്പലങ്ങളിൽ രാമായണ പാരായണവും ഉണ്ടായിരിക്കും.

രാമന്റെയും സീതയുടേയും ചെറിയ മൂർത്തികൾ ഉപയോഗിച്ച് നടത്തുന്ന കല്യാണോത്സവം എന്ന ചടങ്ങ് വീടുകളിൽ നടത്തപ്പെടുന്നു. ശർക്കരയും കുരുമുളകും ഉപയോഗിച്ചുണ്ടാക്കുന്ന പാനകം എന്ന മധുര പാനീയം രാമനവമി ദിവസം തയ്യാറാക്കുന്നു. വൈകുന്നേരം വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയും ഉണ്ടായിരിക്കും. രാമനവമി ദിവസം രാമനെക്കൂടാതെ അദ്ദേഹത്തിന്റെ പത്നി സീത, സഹോദരൻ ലക്ഷ്മണൻ, സേനാനായകൻ ഹനുമാൻ എന്നിവരേയും ആരാധിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ