മുംബൈ: അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്. വാര്‍ത്താസമ്മേളനത്തിലായിരുന്നു ഫഡ്‌നാവിസിന്‌റെ രാജി പ്രഖ്യാപനം. ബിജെപിയെയാണ് ജനം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുത്തതെന്നും, ശിവസേന വിലപേശിയത് ഉറപ്പ് നല്‍കാത്ത കാര്യത്തിനായിരുന്നുവെന്നും ഫഡ്‌നാവിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ നാലാം ദിവസമാണ് ഫഡ്നാവിസ് രാജി പ്രഖ്യാപിച്ചത്. വാർത്താസമ്മേളനത്തിൽ ശിവസേനയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഫഡ്‌നാവിസ് ഉന്നയിച്ചത്. പരസ്പരം ചേരാത്ത മൂന്ന് പാർട്ടികളാണ് സർക്കാർ രൂപീകരണത്തിനായി കൈകോർക്കുന്നതെന്ന് ഫഡ്നാവിസ് വിമർശിച്ചു. സ്ഥിരതയുള്ള സർക്കാരുണ്ടാക്കാൻ ത്രികക്ഷി സഖ്യത്തിന് സാധിക്കില്ലെന്നും, മഹാരാഷ്ട്രയിൽ കുതിരക്കച്ചവടത്തിനില്ലെന്നും പറഞ്ഞ ഫഡ്നാവിസ് ഭൂരിപക്ഷമില്ലാത്തതിനാൽ രാജിവയ്ക്കുന്നു എന്നും വ്യക്തമാക്കി. ശക്തമായ പ്രതിപക്ഷമായി മഹാരാഷ്ട്രയിൽ ബിജെപി ഉണ്ടാകുമെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു. വിശ്വാസ വോട്ടെടുപ്പിന് കാത്തു നിൽക്കാതെയാണ് ഫഡ്നാവിസിന്റെ രാജി.

Read More: മഹാരാഷ്ട്ര: അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

നാളെ വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി മൂന്നംഗ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. നിയമസഭാ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്നും ഓപ്പൺ ബാലറ്റിലൂടെയായിരിക്കണം വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടതെന്നും പറഞ്ഞ സുപ്രീം കോടതി രഹസ്യ ബാലറ്റ് വേണ്ടെന്നും പ്രൊടേം സ്‌പീക്കർ നടപടിക്രമങ്ങൾ നിയന്ത്രിക്കണമെന്നും കോടതി വ്യക്തമാക്കി.

ഭൂരിപക്ഷം തെളിയിക്കാൻ അധികസമയം വേണമെന്ന് ബിജെപി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. വിശ്വാസ വോട്ടെടുപ്പിന് രണ്ടാഴ്‌ചത്തെ സമയം വേണമെന്നാണ് ബിജെപി കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ 24 മണിക്കൂറിന് മുമ്പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന കോടതി ഉത്തരവാണ് ബിജെപിക്ക് തിരിച്ചടിയായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook