മുംബൈ: രാജ്യം തന്നെ ഞെട്ടിയ രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ദേവേന്ദ്ര ഫട്നാവിസ് രാജിവയ്ക്കുന്നത്. ശനിയാഴ്ച രാവിലെ എട്ട് മണിക്ക് സത്യപ്രതിഞ്ജ അധികാരമേറ്റ ഫട്നാവിസ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സ്ഥാനമൊഴിഞ്ഞു. ഉപമുഖ്യമന്ത്രി അജിത് പവാർ രാജിവച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഫട്നാവിസിന്റെയും രാജി പ്രഖ്യാപനം.

രാജിയോടെ രാജ്യത്ത് ഏറ്റവും കുറവ് കാലം മുഖ്യമന്ത്രി കസേരയിലിരുന്നവരുടെ പട്ടികയിൽ ഫട്നാവിസും ഇടംപിടിച്ചു. മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ഏറ്റവും കുറവ് കാലം മുഖ്യമന്ത്രിയായിരുന്ന ആളെന്ന പേരിലാകും ഫട്നാവിസ് ഇനി അറിയപ്പെടുക. 1963ൽ ഒമ്പത് ദിവസം മുഖ്യമന്ത്രിയായിരുന്ന പി.കെ.സാവന്തിനെയാണ് ഫട്നാവിസ് ചുരുങ്ങിയ ദിവസംകൊണ്ട് മറികടന്നത്.

രാജ്യത്ത് കുറച്ച് ദിവസങ്ങൾ മാത്രം മുഖ്യമന്ത്രിമാരായിരുന്നവർ ആരൊക്കെയെന്ന് നോക്കാം.

ബി.എസ്.യെദ്യൂരപ്പ, 3 ദിവസം

കഴിഞ്ഞ വർഷം കർണാടകയിലും സമാനമായ രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിലാണ് ബി.എസ്.യെദ്യൂരപ്പയുടെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിഞ്ജയും രാജവയ്പ്പും. മൂന്ന് ദിവസം മാത്രമായിരുന്നു മുഖ്യമന്ത്രി കസേരയിൽ യെദ്യൂരപ്പയുടെ ആയുസ്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ വന്നതോടെ രാജിവയ്ക്കുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു യെദ്യൂരപ്പയ്ക്ക്.

ജഗദംമ്പിക പാൽ, 1 ദിവസം

1988ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി ഒരു ദിവസം മാത്രം സേവനമനുഷ്ഠിച്ച ജഗദംമ്പിക പാലിന്റെ പേരിലാണ് ഏറ്റവും കുറവ് സമയം മുഖ്യമന്ത്രിയായിരുന്ന റെക്കോർഡ്.

സതീഷ് പ്രസാദ് സിങ്, 1 ആഴ്ച

രണ്ട് കാരണങ്ങളാലാണ് സതീഷ് പ്രസാദ് സിങ് ഇന്ത്യൻ നിയമസഭാ ചരിത്രത്തിന്റെ ഭാഗമാകുന്നത്. 1968ൽ ബീഹാർ മുഖ്യമന്ത്രിയായ സതീഷ് സംസ്ഥാനം ഭരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി. എന്നാൽ ഒരാഴ്ച മാത്രം നീണ്ടുനിന്ന ഭരണം ഏറ്റവും കുറവ് കാലം സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിയായും സതീഷ് പ്രസാദ് സിങ്ങിനെ മാറ്റി.

എസ്.സി.മാരാക്, 13 ദിവസം

മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന എസ്.സി.മാരാക്ക് മേഘാലയയിൽ മുഖ്യമന്ത്രിയായിരുന്നത് 13 ദിവസം മാത്രമായിരുന്നു.

ജാനകി രാമചന്ദ്രൻ, 23 ദിവസം

രാഷ്ട്രീയ നാടകങ്ങൾക്ക് പലപ്പോഴും വേദിയായിട്ടുള്ള തമിഴ്നാട്ടിലും ഒരു ചെറിയ ഭരണമുണ്ടായിരുന്നു. എഐഎഡിഎംകെ സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.ജി.രാമചന്ദ്രന്റെ ഭാര്യ ജാനകി രാമചന്ദ്രനാണ് ആ മുഖ്യമന്ത്രി. 23 ദിവസം മാത്രമായിരുന്നു തമിഴ്നാട്ടിൽ ജാനകി രാമചന്ദ്രൻ മുഖ്യമന്ത്രിയായിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook