മുൻ പ്രധാനമന്ത്രിയെന്ന നിലയിൽ, ദക്ഷിണ കർണാടകയിലെ ഈ വൊക്കലിഗ ടർഫിൽ ഹരദനഹള്ളി ദൊദ്ദെഗൗഡ ദേവഗൗഡ അഥവാ എച്ച്. ഡി. ദേവഗൗഡ ഇപ്പോഴും എല്ലാവരും ഏറെ ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. തന്റെ കുടുംബത്തിലെ എട്ടുപേരെ പൊതുജീവിതത്തിന്റെ വിവിധ തലങ്ങളിൽ നയിച്ചിട്ടുമുണ്ട്. എന്നാൽ 90 വയmd തികയാൻ ഇനി ഒരു മാസം കൂടിയുള്ള മുതിർന്ന ജനതാദൾ (സെക്കുലർ) നേതാവ്, തന്റെ സായാഹ്ന വർഷങ്ങളിലേക്ക് എത്തുമ്പോൾ ഈ വലിയ വംശവും അതിന്റെ നിഴലിലായി പോകുന്നു.
അടുത്തിടെ ഹാസൻ അസംബ്ലി സീറ്റിനെച്ചൊല്ലിയുള്ള അസ്വാഭാവിക തർക്കത്തിനും ഇടയാക്കി. ഹാസൻ ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള എട്ടിൽ ഒന്നാണിത്, ഇവിടെ ആറ് തവണ ഗൗഡ വിജയിച്ചിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ചെറുമകൻ പ്രജ്വൽ രേവണ്ണയാണ് ഈ സീറ്റ് കൈവശം വച്ചിരിക്കുന്നത്. എന്നാൽ ഈ സീറ്റിനെ ചൊല്ലി ഗൗഡയുടെ മകൻ എച്ച്.ഡി.കുമാരസ്വാമിയും, രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണയും തമ്മിലുള്ള പോരിനെക്കുറിച്ച് മണ്ഡലത്തിലുടനീളമുള്ള വോട്ടർമാർക്ക് അറിയാം.
ഗൗഡ കുടുംബത്തിലെ ഈ സീറ്റ് തർക്കം, ഹാസനിൽ ജെഡി (എസ്) ന് അടിത്തറ നൽകിയ വൊക്കലിഗ, മുസ്‌ലിം വോട്ടുകൾ നഷ്ടപ്പെടുത്താനുള്ള കോൺഗ്രസിന്റെയും ബിജെപിയുടെയും ശ്രമങ്ങൾക്ക് ശക്തി നൽകും.
2018ൽ ഹാസൻ അസംബ്ലി സീറ്റ് ബിജെപി പിടിച്ചെടുത്തതോടെയാണ് ആദ്യത്തെ തിരിച്ചടി ഉണ്ടായത്. കുമാരസ്വാമിയും രേവണ്ണയും തമ്മിലുള്ള മത്സരത്തിൽ വിജയിച്ചത് കുമാരസ്വാമിയാണ്. തന്റെ സഹോദരനെയും ഭാര്യയെയും തമ്മിൽ തെറ്റിക്കാനായി ചില “ശകുനികൾ” ശ്രമിക്കുന്നതായി കുമാരസ്വാമി ആരോപിച്ചിരുന്നു. ഒരു പ്രാദേശിക ജെഡി(എസ്) പ്രവർത്തകനും നാല് തവണ എംഎൽഎയായ എച്ച്.എസ്.പ്രകാശിന്റെ മകനുമായ എച്ച്.പി.സ്വരൂപിനെ പാർട്ടി ഹാസൻ മണ്ഡലത്തിൽ നിന്ന് സ്ഥാനാർത്ഥിയാക്കിയപ്പോൾ ഗൗഡമാർ ഐക്യമുന്നണിയുമാണി അവതരിച്ചു.
കുടുംബത്തെ പ്രോത്സാഹിപ്പിക്കുന്നതായി പറഞ്ഞ് ജെഡി (എസ്) ന് നേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കാൻ ആഗ്രഹിച്ചുവെന്നാണ് ഇതിനുള്ള കാരണമായി കുമാരസ്വാമി ചൂണ്ടിക്കാട്ടിയത്. എന്നാൽ, കുടുംബത്തിൽനിന്ന് രാഷ്ട്രീയത്തിലുള്ളവരുടെ എണ്ണം നോക്കുമ്പോൾ വളരെ കുറവാണ്.
കുമാരസ്വാമിയുടെ ഭാഗത്ത്നിന്നു മൂന്നു പേരാണ് രാഷ്ടട്രീയത്തിലുള്ളത്. ചന്നപട്ടണയിൽ നിന്നുള്ള എംഎൽഎ കുമാരസ്വാമി (വീണ്ടും മത്സരിക്കുന്നു), ഭാര്യ അനിത, രാമനഗര മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മണ്ഡ്യയിൽനിന്ന് പരാജയപ്പെട്ട ജെഡി(എസ്) യുവജന വിഭാഗം അധ്യക്ഷൻ മകൻ നിഖിൽ. മേയ് 10ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ അമ്മയുടെ മണ്ഡലമായ രാമനഗരയിൽ നിന്നാണ് നിഖിൽ മത്സരിക്കുന്നത്.
രേവണ്ണയുടെ ഭാഗം നോക്കുകയാണെങ്കിൽ, ഹോളൻരാസിപുരി എംഎൽഎയാണ് അദ്ദേഹം, അവിടെനിന്നു വീണ്ടും മത്സരിക്കുന്നു. മത്സരിക്കാൻ സീറ്റ് ലഭിക്കാത്ത ഭാര്യ ഭവാനി ഹാസൻ സില്ലാ പഞ്ചായത്ത് അംഗമാണ്. ഇവരുടെ മകനായ പ്രജ്വൽ ഹാസൻ ലോക്‌സഭാ എംപിയും മറ്റൊരു മകനായ സൂരജ് എംഎൽസിയുമാണ്.
ദേവഗൗഡ രാജ്യസഭാ എംപിയാണ്. ഹാസൻ സീറ്റിനെ ചൊല്ലി തർക്കങ്ങളൊന്നുമില്ലെന്ന് പറഞ്ഞ പ്രജ്വൽ, തങ്ങളെല്ലാം ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ സമ്മതിച്ചുവെന്നും വ്യക്തമാക്കി. “ഞങ്ങൾ എല്ലാവരും ജെഡി (എസ്) ന്റെ മേൽക്കൂരയ്ക്ക് കീഴിലാണ്. സീറ്റ് പ്രഖ്യാപനം കഴിഞ്ഞാൽ അതിന്റെ പേരിലുള്ള തർക്കങ്ങൾ അവസാനിക്കും. ഔദ്യോഗിക സ്ഥാനാർത്ഥിയുടെ വിജയത്തിനായി ഞങ്ങൾ എല്ലാവരും പ്രവർത്തിക്കും,” പ്രജ്വൽ പറഞ്ഞു.
അതേസമയം, എല്ലാം അവസാനിച്ചിട്ടില്ലെന്ന സൂചനയും പ്രജ്വൽ നൽകുന്നുണ്ട്. “ചില കാര്യങ്ങളിൽ ഉറപ്പ് ലഭിക്കാനുണ്ട്. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ അത് നിറവേറ്റപ്പെടുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. വിഷയം ഹൈക്കമാൻഡിന് വിട്ടിരുന്നു. ഞങ്ങളുടെ കാര്യത്തിൽ അത് ബഹുമാനപ്പെട്ട ദേവഗൗഡയാണ്. അദ്ദേഹം ഞങ്ങളെ ബോധ്യപ്പെടുത്തി,” പ്രജ്വൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
”ഞാൻ മുൻപ് വിശ്വസ്തനായ ജെഡി (എസ്) പ്രവർത്തകനായിരുന്നു. എനിക്ക് തിരികെ ലഭിച്ചത് വളരെ കുറവാണ്. ഏകാധിപത്യത്തിലും കുടുംബ രാഷ്ട്രീയത്തിലും ഞങ്ങൾ മടുത്തു. ഞങ്ങൾ മാറ്റം ആഗ്രഹിക്കുന്നു,” പ്രാദേശിക വ്യവസായിയായ മുബാഷിർ അഹമ്മദ് പറയുന്നു.
അഹമ്മദിന്റെ നിരാശ പ്രതിഫലിപ്പിക്കുന്നത് ഹാസൻ അടക്കമുള്ള പഴയ മൈസൂരു മേഖലയിലെ 51 സീറ്റുകളിലെ ജെഡി (എസ്) ന്റെ തളർച്ചയെ കാണിക്കുന്നു. ബെംഗളൂരു സിറ്റി ഒഴികെയുള്ള ഇവിടെ പാർട്ടി പരമ്പരാഗതമായി ശക്തമായിരുന്നു.
രാമനഗർ, മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ, ഹാസൻ, തുമാകുരു, ചിക്കബല്ലാപ്പൂർ, കോലാർ, ബെംഗളൂരു റൂറൽ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 51 സീറ്റുകളിൽ (വൊക്കലിഗാസ് പ്രബല വിഭാഗവും മുസ്‌ലിമുകളും കൂടുതലുള്ള പ്രദേശം) ജെഡി (എസ്) 2018ൽ 20ലും വിജയിച്ചു. കോൺഗ്രസ് 18, ബിജെപി 12 എന്നിങ്ങനെയായിരുന്നു സീറ്റ് നില.
ഹാസൻ സീറ്റിനെച്ചൊല്ലിയുള്ള കുടുംബകലഹം ജെഡി(എസ്)ന് വീണ്ടും സീറ്റ് നഷ്ടമാകുന്നതിന് കാരണമാകുമെന്ന് ഒരു പാർട്ടി പ്രവർത്തകൻ പറഞ്ഞു. കഴിഞ്ഞ തവണ, ഹാസനിൽ നിന്നുള്ള ജെഡി (എസ്) സ്ഥാനാർത്ഥി പ്രകാശ് തോറ്റത് ഗൗഡ കുടുംബത്തിന്റെ രാഷ്ട്രീയം കാരണമാണ്.
വോട്ടർമാരെ ഗൗഡ കുടംബം നിസാരമായി കാണുന്നു. “തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള അഞ്ച് വർഷം അവർ ഒന്നും ചെയ്യുന്നില്ല. അധികാരവും അതിന്റെ നേട്ടങ്ങളും തമ്മിൽ പങ്കിടുന്നു. വോട്ടിനു വേണ്ടി മാത്രമാണ് ഞങ്ങളുടെ അടുത്തേക്ക് വരുന്നത്. ജെഡി (എസ്) കുടുംബത്തിന് വേണ്ടി മാത്രമുള്ള പാർട്ടിയാണ്,” പ്രാദേശിക സ്ക്രാപ്പ് ഡീലറായ സനുള്ള പറയുന്നു. ഹാസൻ ജില്ലയിലെ മുസ്‌ലിങ്ങളിൽ 90 ശതമാനവും നേരത്തെ ജെഡി (എസ്) ന് വോട്ട് ചെയ്തിരുന്നു. ഇത്തവണ അവർ അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
“വൊക്കലിഗകളും മുസ്‌ലിങ്ങളും ഒഴികെയുള്ള സമുദായങ്ങൾ ജെഡി (എസ്) ന് വോട്ട് ചെയ്തതുകൊണ്ട് കാര്യമില്ല. ദേവഗൗഡ പ്രധാനമന്ത്രിയായെങ്കിലും പാർട്ടി പ്രവർത്തിച്ചത് ഈ രണ്ട് ഗ്രൂപ്പുകൾക്ക് വേണ്ടിയാണ്. ഞങ്ങളെപ്പോലുള്ളവർക്ക് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയുന്നില്ല. വിലക്കയറ്റത്തിൽ ഞങ്ങൾ നട്ടംതിരിയുകയാണ്,” ബോർവെൽ കണക്ഷനുവേണ്ടി ജാതി സർട്ടിഫിക്കറ്റ് ലഭിക്കാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നതായി ഓട്ടോറിക്ഷാ ഡ്രൈവറായ പട്ടികജാതിയിൽപ്പെടുന്ന ഡി.എൽ.ദേവരാജ് പറഞ്ഞു.
ഹാസനിലുടനീളമുള്ള സമുദായങ്ങൾക്കിടയിൽ ഏറ്റവും സ്വീകാര്യമായ മുഖമായി ഒരു പേര് ഉയർന്നുവരുന്നുണ്ട്: മുൻ കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ. മറ്റു രാഷ്ട്രീയക്കാർ ഒഴിഞ്ഞുമാറിയ സമയത്ത് സിദ്ധരാമയ്യ മുസ്‌ലിങ്ങളുടെ ആവശ്യങ്ങൾക്കായി പരസ്യമായി വാദിച്ചു. എല്ലാ സമുദായങ്ങളും സിദ്ധരാമയ്യയെ പിന്തുണയ്ക്കുമെന്ന് അഹമ്മദ് പറയുന്നു.
സിദ്ധരാമയ്യയുടെ മുഖ്യ കോൺഗ്രസ് എതിരാളിയായ ഡി.കെ.ശിവകുമാർ വൊക്കലിഗയിലെ പ്രമുഖ നേതാവാണ്. ബിജെപിക്ക് പിന്തുണയുണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
സംസ്ഥാനത്ത് ലിംഗായത്തുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുന്നതിനാൽ വൊക്കലിഗകളെയും ആകർഷിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അടുത്തിടെ, പ്രധാനമന്ത്രി മോദി മാണ്ഡ്യയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുകയും ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേയും മറ്റ് പദ്ധതികളും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ദേവഗൗഡയോടുള്ള മോദിയുടെ ആദരവും ബഹുമാനവും ബിജെപി എപ്പോഴും ഊന്നിപ്പറയാറുണ്ട്. അത് ദേവഗൗഡയും അംഗീകരിക്കുന്നു.
2018-ൽ ബിജെപി സ്ഥാനാർത്ഥിയും മുൻ എബിവിപി നേതാവുമായ പ്രീതം ജെ.ഗൗഡ തന്റെ ആദ്യ തിരഞ്ഞെടുപ്പിൽ ജെഡി(എസ്) പ്രവർത്തകനായ പ്രകാശിനെ 13,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. 2019 ഡിസംബറിലെ വൊക്കലിഗ കോട്ടയായ കെആർ പേട്ടയിലെ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി വിജയിക്കുന്നതിനും നിർണായക പങ്ക് വഹിച്ച പ്രീതം, ബിജെപിയുടെ ലിംഗായത്ത് നേതാവായ ബി.എസ്.യെദ്യൂരപ്പയുടെ അടുത്തയാളായി കണക്കാക്കപ്പെട്ടിരുന്നു.
ഗൗഡ കുടുംബത്തിന് കടുത്ത വെല്ലുവിളി നൽകാനാണ് ഹാസനിൽനിന്ന് മത്സരിക്കാനുള്ള പ്രധാന കാരണമെന്നും ജനങ്ങൾക്കുവേണ്ടി കഴിയുന്നതെല്ലാം ചെയ്ത് വീണ്ടും വിജയിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പ്രീതം പറയുന്നു. ഹാസൻ ലോക്‌സഭാ സീറ്റിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിൽ മൂന്നെണ്ണത്തിലെങ്കിലും വിജയിക്കുമെന്ന് ബിജെപി വൃത്തങ്ങൾ പറയുന്നു.
കഴിഞ്ഞ തവണ 37 സീറ്റുകൾ നേടിയത് ചൂണ്ടിക്കാട്ടി, ജെഡി (എസ്) സീറ്റുകളിൽ ഇടിവുണ്ടാകുമെന്ന പ്രവചനങ്ങൾ പ്രജ്വൽ രേവണ്ണ നിഷേധിച്ചു. ജെഡി(എസ്) ബിജെപിക്കൊപ്പം പോകുമെന്ന എതിരാളികളുടെ അവകാശവാദങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു. തന്റെ പാർട്ടി ബിജെപിക്കും കോൺഗ്രസിനുമെതിരെ സ്വതന്ത്രമായി പോരാടുകയാണെന്നും മേയ് 13 ന് ശേഷം “പാസഞ്ചർ സീറ്റിൽ നിന്ന് ഡ്രൈവർ സീറ്റിലേക്ക്” മാറുമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര തർക്കത്തിൽ മറ്റു പാർട്ടികളും മോശമായ അവസ്ഥയിലാണെന്ന് പ്രജ്വൽ പറയുന്നു. ‘ആരാണ് മുഖ്യമന്ത്രിയെന്നതിനെ ചൊല്ലി കോൺഗ്രസ് തർക്കത്തിലാണ്. ബിജെപി പഴയ തലമുറയെ മുഴുവൻ പിന്തിരിപ്പിച്ചു, അടിക്കടി രാജി ഉണ്ടാകുന്നു,” പ്രജ്വൽ പറഞ്ഞു.