ഡിട്രോയിറ്റ്: ഗ്യാരേജിന്റെ മേൽക്കൂരയിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട ഡിട്രോയിറ്റിലെ താമസക്കാർ ശരിക്കും ഞെട്ടി. മേൽക്കൂരയിലൂടെ ഇഴഞ്ഞു നീങ്ങുകയായിരുന്നു 18 അടി നീളമുളള പെരുമ്പാമ്പ്. ഇത്രയും നീളമുളള പെരുമ്പാമ്പ് മേൽക്കൂരയിൽ എങ്ങനെ എത്തിയെന്നത് പ്രദേശവാസികളെ അതിശയിപ്പിച്ചു.

പെരുമ്പാമ്പിനെ കാണാനായി ആളുകൾ തടിച്ചുകൂടുകയും ഒടുവിൽ ഒരു യുവാവ് മേൽക്കൂരയിൽനിന്നും പാമ്പിനെ തോളിലിട്ട് താഴേക്ക് ഇറക്കുകയും ആയിരുന്നു. പാമ്പിന്റെ ഉടമസ്ഥനായിരുന്നു ഈ യുവാവ്. പ്രദേശവാസിയായ ഒരു സ്ത്രീ പകർത്തിയ ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്.

”അവളുടെ പേര് ജൂലിയറ്റ് എന്നാണ്. എട്ടു വയസാണ് പ്രായം. അവൾ പുറത്തുവന്നത് എന്റെ തെറ്റു കൊണ്ടാണ്. ഞാൻ കൂട് ശരിയായി പൂട്ടിയില്ല. കൂട്ടിൽനിന്നും അവൾ പുറത്തുപോയ ഉടൻ തന്നെ ഞാൻ അവിടേക്കെത്തി. അവളുടെ സുരക്ഷയിൽ എനിക്ക് ഭയം ഉണ്ടായിരുന്നു. ഞാൻ അവളെ താഴെ കൊണ്ടുവരുന്ന സമയത്ത് ആരും അവളെ ഒന്നും ചെയ്തില്ല,” ജൂലിയറ്റിന്റെ ഉടമസ്ഥൻ ഡേവിൻ ജോൺസ് വൈറ്റ് പറഞ്ഞു.

നായ്ക്കളെ ഭയന്നാണ് അവൾ മേൽക്കൂരയിലേക്ക് എത്തിയതെന്നും ഡേവിൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook