മംഗളുരു: ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഇഫ്താര്‍ വിരുന്ന് നടത്തിയതിനെതിരെ പ്രതിഷേധവും പ്രക്ഷോഭവും നടത്തുന്നവർക്കെതിരെ ആഞ്ഞടിച്ച് പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശരയ്യ. നിസ്‌കാരം ക്ഷേത്രത്തില്‍ നടത്തിയാല്‍ ആര്‍ക്ക് എന്ത് ഹാനിയെന്ന് സംഭവിക്കുകയെന്ന് സ്വാമി ചോദിച്ചു. ഇതര മത സഹോദരങ്ങള്‍ക്ക് ഭക്ഷണം നല്‍കിയാലോ അവരുടെ ആചാരം ക്ഷേത്രത്തില്‍ നടത്തിയാല്‍ ഗോമൂത്രം തളിച്ച് വൃത്തിയാക്കണമെന്നും കരുതുന്ന വിവരം കെട്ടവര്‍ തനിക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ലെന്നും സ്വാമി തുറന്നടിച്ചു.

‘താന്‍ എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്നു. താന്‍ ചെയ്തത് മതസൗഹാര്‍ദ്ദത്തിനാണ് വഴി തുറക്കുക. അന്യമതസ്ഥർക്ക് ആതിഥ്യമരുളിയതിനെ എതിർക്കുന്നവർക്ക് ഹിന്ദുത്വശാസ്ത്രത്തെ കുറിച്ചോ പാരമ്പര്യം സംബന്ധിച്ചോ അറിവില്ല’ സ്വാമി പറഞ്ഞു.

നമസ്‌കാരം നിര്‍വഹിച്ച സ്ഥലം ഗോമൂത്രം തളിച്ച് ശുദ്ധി വരുത്തണമെന്നാണ് ഹിന്ദു ജനജാഗ്രിതി പറയുന്നത്. മുസ്ലിംങ്ങളുടെ പ്രാര്‍ത്ഥനയാണ് നമസ്‌കാരം, അത് ക്ഷേത്രത്തിന് എന്ത് ഹാനിയാണ വരുത്തുക. അത് തെറ്റാണെന്ന് ഏത് ധര്‍മ്മശാസ്ത്രത്തിലാണ് പറയുന്നത്? ഓരോ വിഭാഗത്തിനും അവരവരുടേതായ ആശയങ്ങളും തത്വസംഹിതകളും പാരമ്പര്യവും പിന്തുടരാന്‍ അവകാശവും സ്വാതന്ത്യവുമുണ്ടെന്നും സ്വാമി വിശ്വേശര തീര്‍ത്ഥ പറഞ്ഞു.

ചരിത്രത്തിലാദ്യമായി പ്രസിദ്ധമായ ഉഡുപ്പി ശ്രീ കൃഷ്ണ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചിരുന്നു. ക്ഷേത്രത്തിന്റെ അന്നബ്രഹ്മ ഭക്ഷണ ശാലയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ 150 ലധികം പേരാണ് പങ്കെടുത്തത്. പര്യായ പേജാവര്‍ മഠത്തിലെ പര്യായ വിശ്വേശരയ്യ തീര്‍ത്ഥ സ്വാമിയാണ് ഇഫ്താറിന് നേതൃത്വം നല്‍കിയത്. നോമ്പെടുത്തവര്‍ക്ക് തീര്‍ത്ഥ സ്വാമി ഈന്തപ്പഴം നല്‍കിയാണ് നോമ്പ് തുറന്നത്. അന്‍ജുമാന്‍ പള്ളിയിലെ ഖത്തീബും കര്‍ണാടക ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ എംഎ ഗഫൂര്‍, ശ്രീ ശ്രീ വിശ്വപ്രസന്ന തീര്‍ത്ഥ, റഹീം ഉച്ഛില്‍, അന്‍സാര്‍ അഹമ്മദ്, കോണ്‍ഗ്രസ് നേതാവ് ആബിദ് അലി എന്നീ പ്രമുഖര്‍ ഇഫ്താറില്‍ പങ്കെടുത്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook