റായ്ബറേലി: ബലാൽസംഗത്തിനിരയായ പെൺകുട്ടി നീതി കിട്ടാത്തതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സ്വന്തം രക്തം കൊണ്ടെഴുതിയ കത്ത് അയച്ചതായി റിപ്പോർട്ട്. തനിക്ക് നീതി കിട്ടിയില്ലെന്നും കുറ്റവാളികൾക്കെതിര സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കത്തെഴുതിയത്.

‘കുറ്റവാളികളുടെ ഉന്നത ബന്ധത്തെത്തുടർന്ന് അവർക്കെതിരെ പൊലീസ് നടപടി എടുക്കുന്നില്ല. കേസ് പിൻവലിക്കാൻ അവർ എന്നെ നിർബന്ധിക്കുന്നുണ്ട്. എനിക്ക് നീതി കിട്ടണം, ഇല്ലെങ്കിൽ ആത്മഹത്യ ചെയ്യും’ എൻജിനീയറിങ് വിദ്യാർഥിനിയായ പെൺകുട്ടി ജനുവരി 20 ന് അയച്ച കത്തിൽ പറയുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു.

പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2014 മാർച്ച് 24 ന് ദിവ്യ പാണ്ഡ്യ, അങ്കിത് വർമ്മ എന്നിവർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതായി എഎസ്‌പി ശശി ശേഖർ പറഞ്ഞു. മകളെ പ്രതികൾ ബലാൽസംഗം ചെയ്തതായും അവളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പരാതിയിലുണ്ട്.

തിരിച്ചറിയപ്പെടാത്ത മറ്റൊരു വ്യക്തിയുടെ പേരിലും റായ്ബറേലിയിൽ 2017 ഒക്ടോബറിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയും അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തതിനാണ് കേസെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ