മ്യാന്‍മറിലെ റൊഹീങ്ക്യന്‍ കൂട്ടക്കുരുതി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നൊബേല്‍ സമ്മാനജേതാവും ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിനെതിരെ പോരാട്ടം നയിച്ചവരില്‍ പ്രമുഖനുമായ ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു ആങ് സാന്‍ സൂകിക്ക് കത്തെഴുതി. മ്യാന്‍മര്‍ ദേശീയ കൗണ്‍സിലറും നൊബേല്‍ ജേതാവുമായ സൂകി തനിക്ക് ഒരു ഇളയ സഹോദരിയാണെന്നും എന്നാല്‍​ റൊഹീങ്ക്യന്‍ മുസ്ലിംങ്ങളെ കൂട്ടക്കുരുതി ചെയ്യുന്ന ചിത്രങ്ങള്‍ ഹൃദയഭേദകമാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

“മനുഷ്യന് വ്യത്യസത തരത്തിലുളള വിശ്വാസങ്ങളുണ്ടാകുമെന്ന് നമുക്ക് അറിയാമല്ലോ സഹോദരി. ചിലര്‍ക്ക് മറ്റുളവരേക്കാള്‍ കൂടുതല്‍ വിശ്വാസമുണ്ടാകാം. എന്നാല്‍ ചിലര്‍ ചെറുതും മറ്റുളളവര്‍ വലുതും അല്ല. നമ്മള്‍ എല്ലാവരും ഒരുപോലെയാണ്. മനുഷ്യന്‍ എന്ന ഒരേ കുടുംബത്തിലെ അംഗങ്ങള്‍. ബുദ്ധ മതക്കാരോ മുസ്ലിംങ്ങളോ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ജൂതനെന്നോ ഹിന്ദുവെന്നോ ഉളള തരംതിരിവുമില്ല. ക്രിസ്ത്യാനിയെന്നോ നിരീശ്വരവാദിയെന്നോ ഉളള വേര്‍തിരിവുമില്ല. മുന്‍വിധികളൊന്നും കൂടാതെ പരസ്പരം സ്നേഹിക്കാനാണ് നമ്മള്‍ ജനിച്ചത്. വേര്‍തിരിവ് പ്രകൃതിദത്തമായി വരുന്നതല്ല. നമ്മള്‍ പഠിപ്പിക്കുന്നതാണ് അത്”, ടുട്ടു കത്തില്‍ വ്യക്തമാക്കി.

സൂകിയുടെ മൗനത്തിന് വലിയ വില നല്‍കേണ്ടി വരുമെന്നും സമാധാനം ഇല്ലാത്ത ഒരു രാജ്യം എല്ലാ തരത്തിലും പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “മനുഷ്യാവകാശ ലംഘനത്തിനെതിരെയും നീതിക്കും ജനങ്ങളുടെ ഒത്തൊരുമയ്ക്കും വേണ്ടി സൂകി സംസാരിക്കണമെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. മ്യാന്‍മറിലെ കൂടിക്കൊണ്ടിരിക്കുന്ന പ്രതിസന്ധി മറികടന്ന് ജനങ്ങളെ നേരായ പാതയിലൂടെ നടത്താന്‍ സൂകി ഇടപെടട്ടേയെന്നാണ് പ്രാര്‍ത്ഥന”, ഡെസ്മണ്ട് ടുട്ടു വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ