ഛണ്ഡീഗഡ്: ദേര സച്ചാ സൗദാ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി ഉയർന്നു. ഇതോടെ പഞ്ച്കുള ഡിസിപിയെ സംസ്ഥാന സർക്കാർ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സ്ഥിതിഗതികൾ ശാന്തമായിട്ടില്ലെങ്കിലും നിയന്ത്രണവിധേയമായെന്നാണ് ഔദ്യോഗിക വിശദീകരണം.

കോടതിയുടെ രൂക്ഷമായ വിമർശനം നേരിട്ടിട്ടും മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറെ മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് ബിജെപി. മുഖ്യമന്ത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് ഇന്നലെ അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.

ഡപ്യൂട്ടി കമ്മിഷണറുടെ തെറ്റായ നടപടികളാണ് ദേര സച്ച സൗദ കലാപത്തിന് കാരണമായതെന്ന വിചിത്രമായ വിശദീകരണമാണ് ഇതിന് സർക്കാർ നൽകിയത്. കലാപത്തിൽ പൊലീസുകാരടക്കം 250 പേർക്കാണ് പരുക്കേറ്റത്. നൂറിലേറെ സ്വകാര്യ-സർക്കാർ വാഹനങ്ങൾ അഗ്നിക്കിരയാക്കി. ഇതിന് പുറമേ പത്തോളം സർക്കാർ ഓഫിസുകൾക്ക് നേരെയും ആക്രമണം നടന്നിരുന്നു.

ദേര സച്ചാ സൗദായുടെ 30 ഓളം ആത്മീയ കേന്ദ്രങ്ങൾ പൊലീസ് സീൽ ചെയ്തിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ പെട്രോൾ ബോംബുകളും ഒരു എകെ 47 അടക്കം നാല് തോക്കുകളും കണ്ടെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ