പഞ്ച്കുള: രഞ്ജിത് സിങ് വധക്കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കു ജീവപര്യന്തം തടവ് ശിക്ഷ. പഞ്ച്കുള പ്രത്യേക സിബിഐ കോടതിയാണു ശിക്ഷ വിധിച്ചത്.
അവ്താര്‍ സിങ്, സബ്ദില്‍ സിങ്, കൃഷ്ണന് ലാല്‍, ജസ്ബിര്‍ സിങ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റു പ്രതികള്‍. റാം റഹിമിനു കോടതി 31 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഇതില്‍ പകുതി കൊല്ലപ്പെട്ട രഞ്ജിത് സിങ്ങിന്റെ മകനു നല്‍കണം.
റാം റഹിമിന്റെ അനുയായിയും ഹരിയാനയിലെ സിര്‍സയിലെ ദേര മാനേജറുമായ രഞ്ജിത് സിങ് 2002 ജൂലൈ 10 നു വെടിയേറ്റു മരിക്കുകയായിരുന്നു. റാം റഹിം സ്ത്രീ അനുയായികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് തന്റെ അനുയായികള്‍ക്കിടയില്‍ രഞ്ജിത് സിങ് ഊമക്കത്ത് പ്രചരിപ്പിച്ചതായി അദ്ദേഹം സംശയിച്ചതായി സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
Also Read: ലഖിംപുര്‍ ഖേരി: കര്‍ഷകരുടെ റെയില്‍ ഉപരോധം 50 ട്രെയിനുകളെ ബാധിച്ചു
കേസ് വിധി പറയാനായി ഓഗസ്റ്റ് 18 ന് കോടതി മാറ്റിവച്ചിരുന്നു. ഓഗസ്റ്റ് 26 നു വിധി പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാല്‍ കേസ് മറ്റൊരു സിബിഐ ജഡ്ജിക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത് സിങ്ങിന്റെ മകന് ജഗ്സീര്‍ സിങ് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇതോടെയാണു വിധി പ്രസ്താവം വൈകിയത്. ഒക്ടോബര്‍ 12 നു വാദം പൂര്‍ത്തിയാക്കിയ പ്രോസിക്യൂഷന് റാംറഹിനു വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഒടുവില്‍ നടന്ന വാദം കേള്‍ക്കലില്‍ കോടതിയില്‍ സമര്‍പ്പിച്ച എട്ട് പേജുള്ള സത്യവാങ്മൂലത്തില്‍, റാം റഹീം ദയ തേടിയിരുന്നു. വര്‍ഷങ്ങളായുള്ള തന്റെ ജീവകാരുണ്യ പ്രവര്‍ത്തനം അസാധാരണമാണെന്നും ദേരയിലെ കോടിക്കണക്കിനു അനുയായികള്‍ തന്റെ കുടുംബമായി മാറിയെന്നും അദ്ദേഹം ബോധിപ്പിച്ചു.
രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന റാം റഹിം നിലവില്‍ റോത്തക്കിലെ സുനാറിയ ജില്ലാ ജയിലിലാണുള്ളത്. ഇതുകൂടാതെ, മാധ്യമപ്രവര്ത്തകന് രാം ചന്ദര്‍ ഛത്രപതിയുടെ കൊലപാതകത്തില്‍ ജീവപര്യന്തം തടവുശിക്ഷയും നേരിടുന്നുണ്ട്.