ശ്രീനഗര്‍: ശ്രീനഗറില്‍ യാചകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഉത്തരവ്. ഇതിനെത്തുടര്‍ന്ന് 70 ഓളം യാചകരെ നഗരത്തില്‍ നിന്നും വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. പൊതുവിടങ്ങളിലും, ട്രാഫിക് സിഗ്നലിലുമൊക്കെയായി യാചക ശല്യം വര്‍ധിച്ചതിനെത്തുടര്‍ന്നാണ് ജില്ലാ മജിസ്ട്രേറ്റില്‍ നിന്നുള്ള അനുവാദത്തോടെ ശ്രീനഗര്‍ ഡിസിപി അറസ്റ്റിലേക്ക് നീങ്ങിയത്.
1960 വിലെ ജമ്മു-കശ്മീര്‍ ഭിക്ഷാടന നിരോധന നിയമ പ്രകാരം, ആരാധനാലയങ്ങളിലോ, പൊതുവിടങ്ങളിലോ ഭിക്ഷാടനം നടത്തുന്നത് നിയമവിരുദ്ധമാണ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാനാണ് ഉത്തരവ്.
അതിനാല്‍ ദാനധര്‍മ്മങ്ങള്‍ ലഭിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങള്‍, മുറിവുകള്‍, വ്രണങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതും, പൊതു സ്ഥലങ്ങളിലോ, സ്വകാര്യ ഇടങ്ങളിലോ പ്രവേശിക്കുന്നതും സെക്ഷന്‍ നാല് അനുസരിച്ച് ഉടനെ അറസ്റ്റ് ചെയ്ത് നീക്കേണ്ടതാണ് എന്ന് ഉത്തരവില്‍ പറയുന്നു.
“പൊതുജങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതിനെത്തുടര്ന്നാണ് അറസ്റ്റ് ചെയ്ത് നീക്കേണ്ട സാഹചര്യം വന്നത്,” ശ്രീനഗര്‍ ഡിസിപി ഡോ.സൈദ് ആബിദ് റഷീദ് ഷാ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു.