ന്യൂഡൽഹി: ഇന്ത്യൻ വായുസേനയുടെ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി എയർ മാർഷൽ രഘുനാഥ് നമ്പ്യാർ നാളെ ചുമതലയേൽക്കും. ഈ പദവിയിൽ എത്തുന്ന ആദ്യത്തെ മലയാളിയാണ് അദ്ദേഹം. ഇതിനു മുൻപ് അദ്ദേഹം വായുസേനയുടെ കിഴക്കൻ മേഖല കമാൻഡിന്റെ മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 35 ഓളം യുദ്ധ വിമാനങ്ങൾ, യാത്രാ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവ ഏതാണ്ട് 4700 മണിക്കൂർ പറത്തിയ പരിചയ സമ്പത്തിനുടമയാണ് അദ്ദേഹം. പ്രധാന യുദ്ധ വിമാനങ്ങളിലൊന്നായ മിറാഷിൽ മാത്രം 2300 മണിക്കൂറോളം പറത്തിയ പരിചയസമ്പത്തുണ്ട്. ഒരു ദേശീയ റെക്കോർഡ് കൂടിയാണിത്.

എകെജിയും, ഇ.കെ.നയനാരുമൊക്കെ അംഗമായിരുന്ന കണ്ണൂർ ആയില്യത്തു കുടുംബാംഗമാണ്. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും പഠിച്ചിറങ്ങിയ രഘുനാഥ് നമ്പ്യാർ 1980ലാണ് വായുസേനയിൽ ചേരുന്നത്. അതിവിശിഷ്ട സേവാ മെഡലും, കാർഗിൽ യുദ്ധത്തിലെ മികച്ച സേവനത്തിനു വായുസേന മെഡലും, LCA ഫ്ലൈറ്റ് ടെസ്റ്റിങ്ങിന് വായുസേന മെഡൽബാറും ലഭിച്ചിട്ടുണ്ട്. ഡിസിഎഎസിന്റെ പ്രധാന ഉത്തരവാദിത്തം എന്നത് പ്രതിവർഷം ഒരു ലക്ഷം കോടിയോളം രൂപവരുന്ന വായുസേനയുടെ ബജറ്റ് നിയന്ത്രണം, ഭാവി തന്ത്രങ്ങൾ ആവിഷ്കരിക്കുക, പുതിയ യുദ്ധ വിമാനങ്ങളും ആയുധങ്ങളും വാങ്ങുക എന്നതൊക്കെയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ