ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയിലെ ദാങ്കൂരില്‍ യമുന എക്സ്പ്രസ്‍വേയില്‍ 13 വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഇടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. പുകമഞ്ഞ് മൂടി റോഡ് കാണാതായതാണ് അപകടത്തിന് കാരണമായത്. റോഡുകള്‍ തടഞ്ഞ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും ഇതുപോലും ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ സാധിച്ചില്ല.

ആഗ്രയിലേക്ക് പോയ അഞ്ച് വാഹനങ്ങളും ഡല്‍ഹിയിലേക്ക് പോയ എട്ട് വാഹനങ്ങളുമാണ് കൂട്ടിയിടിച്ചത്. എല്ലാ വാഹനങ്ങളും ബംബര്‍ ടു ബംബര്‍ ആണ് ഇടിച്ചത്. വാഹനങ്ങള്‍ക്ക് വേഗത കുറവായത് കൊണ്ട് തന്നെ ആര്‍ക്കും സാരമായ പരുക്കുകളില്ല. പരുക്കേറ്റവര്‍ കൈലാശ് ആശുപത്രിയില്‍ ചികിത്സ തേടി.

ടയോട്ട ഇന്നോവ, മഹീന്ദ്ര സ്കോര്‍പ്പിയോ, ഹ്യുണ്ടായി ക്സെന്റ്, മാരുതി എര്‍ട്ടിഗ എന്നീ വാഹനങ്ങളും കൂട്ടിയിടിച്ചവയില്‍ പെടും. സ്ഥലത്ത് കൂടുതല്‍ റിഫ്ളക്ടറുകളും പൊലീസുകാരേയും നിയോഗിക്കുമെന്ന് പൊലീസ് അറിയിച്ചു. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും പുകമഞ്ഞില്‍ വലഞ്ഞിരിക്കുകയാണ്.

ഡല്‍ഹിയിലാണ് പുകമഞ്ഞ് ഏറ്റവും രൂക്ഷമായ രീതിയില്‍ പുക മൂടിയിരിക്കുന്നത്. റോഡ്- റെയില്‍- വ്യോമ ഗതാഗതത്തെയും സാരമായ രീതിയില്‍ ഇത് ബാധിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ