ബെംഗളൂരു: ബിജെപി എംഎൽഎയായ എം.പി.കുമാരസ്വാമി പാർട്ടിയിൽനിന്നും രാജിവച്ചു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് പാർട്ടി വിട്ടത്. നിയമസഭാ സ്‌പീക്കർക്ക് തന്റെ രാജി ഉടൻ സമർപ്പിക്കുമെന്ന് കുമാരസ്വാമി അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ബിജെപിയിൽനിന്നും രാജിവയ്ക്കുന്ന നാലാമത്തെ പ്രധാന നേതാവാണ് കുമാരസ്വാമി.
ബിജെപി പുറത്തുവിട്ട രണ്ടാമത്തെ സ്ഥാനാർഥി പട്ടികയിൽ 23 പേരാണുള്ളത്. ഇത്തവണ മുദിഗരെ സീറ്റിൽ കുമാരസ്വാമിക്കു പകരം ദീപക് ദോടയ്യയാണ് സ്ഥാനാർഥി. തന്നെ നാമനിർദേശം ചെയ്യാത്തതിൽ ദേശീയ ജനറൽ സെക്രട്ടറി സി.ടി.രവിയെയാണ് കുമാരസ്വാമി കുറ്റപ്പെടുത്തിയത്. അനുയായികളുമായും തന്റെ മണ്ഡലത്തിലെ ജനങ്ങളുമായും ചർച്ച ചെയ്ത ശേഷം അടുത്ത നീക്കത്തെക്കുറിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
“വ്യക്തിപരമായ കാരണങ്ങളാൽ എനിക്ക് ടിക്കറ്റ് ലഭിക്കില്ലെന്ന് സി.ടി.രവി ഉറപ്പാക്കിയിട്ടുണ്ട്. ദേശീയ ജനറൽ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹത്തിന് ആ ശക്തിയുണ്ട്. ഞാൻ അദ്ദേഹത്തിന്റെ സ്ഥാനത്തും അദ്ദേഹം എന്റെ സ്ഥാനത്തും ആയിരുന്നെങ്കിൽ ഞാനും ഇതുതന്നെ ചെയ്യുമായിരുന്നു,” അദ്ദേഹം പറഞ്ഞു. രവി പാർട്ടിയെ തകർക്കുമെന്നും കുമാരസ്വാമി ബിജെപിക്ക് മുന്നറിയിപ്പ് നൽകി.
മുതിർന്ന ബിജെപി നേതാവ് ബി.എസ്.യെദ്യൂരപ്പ ഒരാഴ്ച ഫോൺ സ്വിച്ച് ഓഫ് ചെയ്താൽ പാർട്ടിക്ക് 50 സീറ്റുകൾ പോലും ലഭിക്കില്ലെന്ന് കുമാരസ്വാമി പറഞ്ഞു. യെദ്യൂരപ്പ ഇല്ലെങ്കിൽ ബിജെപി യോഗങ്ങളിൽപോലും ആരും വരില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തിടെ, യെദ്യൂരപ്പ മണ്ഡലം സന്ദർശിച്ചപ്പോൾ കുമാരസ്വാമിക്കെതിരെ മണ്ഡലത്തിലെ ഒരു വിഭാഗം പാർട്ടി പ്രവർത്തകർ വലിയ തോതിലുള്ള പ്രതിഷേധം ഉയർത്തിയിരുന്നു.