ഹൂസ്റ്റൺ: ദിവസങ്ങൾക്ക് മുമ്പ് ഹൂസ്റ്റണിൽ നടന്ന ‘ഹൗഡി മോദി’യിലേക്ക് തനിക്ക് പ്രവേശനം നിഷേധിച്ചുവെന്ന് കൊമേഡിയനും മാധ്യമപ്രവർത്തകനും കലാകാരനുമായ ഹസൻ മിൻഹജ്. പ്രധാനമന്ത്രിയെ കുറിച്ച് താൻ നടത്തിയ അഭിപ്രായ പ്രകടനമാണ് തനിക്ക് പ്രവേശനം നിഷേധിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
Read More: ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നിങ്ങള്‍, യുഎസ് തിരഞ്ഞെടുപ്പിലെ താര പ്രചാരകനല്ല; മോദിക്കെതിരെ കോണ്‍ഗ്രസ്
ആകസ്മികമായി, പരിപാടിയുടെ പാർക്കിംഗ് സ്ഥലത്ത് നിന്ന് തത്സമയ സ്ട്രീം കണ്ട മിൻഹജ്, തന്നെക്കുറിച്ച് വേദിയിൽ പരാമർശിക്കുന്നത് ശ്രദ്ധയിൽ പെട്ടെന്നും പറഞ്ഞു. “പരിപാടിയിൽ, അവർ പ്രമുഖ ഇന്ത്യൻ-അമേരിക്കക്കാരെ ആദരിക്കുകയായിരുന്നു. ‘ഇന്ത്യൻ-അമേരിക്കക്കാർ കല, സംഗീതം, ഹാസ്യം എന്നീ മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്’… എന്നിട്ട് അവർ ജംബോട്രോണിൽ എന്റെ ഒരു ഫോട്ടോ കാണിക്കുന്നു, ആളുകൾ കയ്യടിക്കാൻ തുടങ്ങുന്നു! ”
“എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലായോ… എന്റെ കോമഡിക്ക് അവർ എന്നെ ആദരിക്കുന്നു, അതേസമയം എന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയും നിരാകരിക്കുകയും ചെയ്യുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നിരവധി ഇന്ത്യക്കാർക്ക് ഇഷ്ടമല്ലെന്നും, എന്നാൽ മോദിയും ട്രംപും ഒന്നിച്ച് വന്നതിനാൽ, അത്തരക്കാർക്ക് പോലും ട്രംപിന് വേണ്ടി കൈയ്യടിക്കേണ്ടി വന്നെന്നും മിൻഹജ് പറഞ്ഞു.
നെറ്റ്ഫ്ലിക്സിന്റെ ‘പാട്രിയോടിക് ആക്ട്’ എന്ന പരിപാടിയുടെ സ്രഷ്ടാവായ മിൻഹാജ്, 2019 ലെ ലോക്‌സഭാ തിരരഞ്ഞെടുപ്പിന് മുന്നോടിയായി ‘ഇന്ത്യൻ ഇലക്ഷൻ’ എന്ന എപ്പിസോഡിൽ ബിജെപിയെയും പ്രധാനമന്ത്രി മോദിയെയും വിമർശിച്ചിരുന്നു. മുപ്പത് മിനിറ്റ് ദൈർഘ്യമുള്ള എപ്പിസോഡിൽ അദ്ദേഹം കശ്മീർ, പുൽവാമ ആക്രമണം, തുടർന്നുണ്ടായ ബാലകോട്ട് വ്യോമാക്രമണം, നോട്ട് നിരോധനം, തൊഴിലില്ലായ്മ, പശുവിന്റെ പേരിലുള്ള കൊലപാതകങ്ങൾ എന്നിവയെക്കുറിച്ച് സംസാരിച്ചിരുന്നു.