scorecardresearch
Latest News

പ്ലാസ്മയ്ക്ക് പകരം കുത്തിവച്ചത് മുസംബി ജ്യൂസെന്ന് ആരോപണം; രോഗിയുടെ മരണത്തിൽ അന്വേഷണം

അന്വേഷണത്തിന്റെ ഭാഗമായി വ്യാഴാഴ്ച ആശുപത്രി സീൽ ചെയ്തിരുന്നു

പ്ലാസ്മയ്ക്ക് പകരം കുത്തിവച്ചത് മുസംബി ജ്യൂസെന്ന് ആരോപണം; രോഗിയുടെ മരണത്തിൽ അന്വേഷണം
ഫൊട്ടോ: എഎൻഐ

ലക്നൗ: ലക്നൗവിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയ്ക്കിടെ രോഗി മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. പ്ലാസ്മയ്‌ക്കോ പ്ലേറ്റ്‌ലെറ്റിനോ പകരം കുത്തിവച്ചത് മുസംബി ജ്യൂസെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണ് അന്വേഷണം. മണൽ കോൺട്രാക്ടറായ പ്രദീപ് പാണ്ഡെ (32) ആണ് മരിച്ചത്.

“മരിച്ച ആളുടെ കുടുംബം ചില ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മൂന്ന് യൂണിറ്റ് പ്ലേറ്റ്‌ലെറ്റ് നൽകുന്നതുവരെ രോഗിക്ക് യാതൊരുവിധ പ്രശ്നങ്ങളുമില്ലായിരുന്നുവെന്നാണ് അവർ പറയുന്നത്. അതിനുശേഷം ആശുപത്രിയിലെ ഒരാൾ മുഖേന ചില പ്ലേറ്റ്‌ലെറ്റ് യൂണിറ്റുകൾ ലഭ്യമാക്കിയതിനെ തുടർന്നാണ് ആരോഗ്യനില വഷളായത്. അടുത്ത ദിവസം അയാൾ മരിക്കുകയും ചെയ്തു. ഇത് അന്വേഷിക്കുന്നത്തിനായി ഒരു മൂന്നംഗ പാനൽ രൂപീകരിച്ചിട്ടുണ്ട്. അന്വേഷണം നടക്കുന്നു,” പ്രയാഗ്‌രാജ് സിഎംഒ നാനക് സരൺ പറഞ്ഞു.

മരണകാരണമായി കുടുംബം ആരോപിക്കുന്ന പ്ലേറ്റ്‌ലെറ്റുകളിൽ ഒരു യൂണിറ്റ് അവരുടെ കൈവശമുണ്ടെന്നും ബാക്കിയുള്ളവ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണത്തിന്റെ ഭാഗമായി വ്യാഴാഴ്ച ആശുപത്രി സീൽ ചെയ്തിരുന്നു.

നിയമവിരുദ്ധമായി രക്തവും പ്ലേറ്റ്‌ലെറ്റും വിതരണം ചെയ്യുന്ന സംഘത്തെ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് പ്രയാഗ്‌രാജ് എസ്‌എസ്‌‌പി ശൈലേഷ് പാണ്ഡെ പറഞ്ഞു. ഇങ്ങനെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 12 പേരെ മുൻപ് അറസ്റ്റ് ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒക്‌ടോബർ 14 ന് ആണ് അസുഖത്തെ തുടർന്ന് പ്രദീപ് പാണ്ഡെയെ പ്രയാഗ്‌രാജിലെ പിപാൽഗാവ് ഏരിയയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. “അന്ന് പരിശോധനകൾക്കെല്ലാം ശേഷം ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഒക്‌ടോബർ 16ന് എട്ട് യൂണിറ്റ് പ്ലേറ്റ്‌ലെറ്റുകൾ വേണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. മൂന്ന് യൂണിറ്റുകൾ ഞങ്ങൾ കുടുംബത്തിനുള്ളിൽ നിന്ന് തന്നെ കണ്ടെത്തി. ബാക്കി ആശുപത്രി കെട്ടിട ഉടമയുടെ മകന് ലഭ്യമാക്കാൻ കഴിയുമെന്ന് ആരോ പറഞ്ഞതിനെ തുടർന്ന് അദ്ദേഹവുമായി ബന്ധപ്പെടുകയും അഞ്ച് യൂണിറ്റുകൾക്കായി 25,000 രൂപ നൽകുകയും ചെയ്തു. അതിൽ നാല് യൂണിറ്റ് പ്ലേറ്റ്‌ലെറ്റ് നൽകിയപ്പോൾ, ആരോഗ്യാവസ്ഥ മോശമായി. ശേഷം ഞങ്ങൾ അവനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തിൽ രക്തം കട്ടപിടിക്കുന്നുണ്ടെന്നാണ് അവിടെയുള്ള ഡോക്ടർമാർ പറഞ്ഞത്,” പ്രദീപ് പാണ്ഡെയുടെ ഭാര്യാ സഹോദരൻ സൗരഭ് ത്രിപാഠി പറഞ്ഞു.

“പ്ലേറ്റ്‌ലെറ്റിന് പകരം അവർ നൽകിയത് മുസംബിമ്പി ആണ്. ജ്യൂസ് ഉള്ള അഞ്ചാമത്തെ പാക്കറ്റ് എന്റെ പക്കലുണ്ട്. അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാക്കും,” അയാൾ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Dengue patient dies in prayagraj kin allege mosambi juice injected instead of plasma