ന്യൂഡല്‍ഹി: നോട്ട് നിരോധനം മികച്ച ആശയമാണെന്നും എന്നാല്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയപ്പോള്‍ സമ്പദ്‌വ്യവസ്ഥയിൽ വിളളലാണ് സംഭവിച്ചതെന്നും സാമ്പത്തികശാസ്ത്ര നൊബേല്‍ ജേതാവ് റിച്ചാര്‍ഡ് എച്ച് താലര്‍. ഒരു വിദ്യാര്‍ത്ഥി അയച്ച ഇമെയിലിന് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രസ്താവന. നേരത്തേ നോട്ട് നിരോധനം നടന്നപ്പോള്‍ ഇതിനെ പിന്തുണച്ച വ്യക്തിയാണ് ഈ വര്‍ഷത്തെ നൊബേല്‍ ജേതാവായ താലര്‍.

കഴിഞ്ഞ മാസമാണ് ഒരു വിദ്യാര്‍ത്ഥി റിച്ചാര്‍ഡ് താലറിന്രെ അഭിപ്രായം തേടിയത്. ഇന്ത്യയിലെ കളളപ്പണം പിടിക്കാനും ക്യാഷ്‌ലെസ്സ് സമ്പദ്‌വ്യവസ്ഥ കൊണ്ടുവരാനും നടത്തിയ നോട്ട് നിരോധനം എന്നാല്‍ ഫലം കണ്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ 2000 രൂപയുടെ പുതിയ കറന്‍സി പുറത്തിറക്കിയത് അന്ധാളിപ്പ് ഉണ്ടാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വരാജ് കുമാര്‍ എന്ന സാമ്പത്തിക വിദ്യാര്‍ത്ഥിയാണ് ചോദ്യം ചോദിച്ചത്.

അമേരിക്കന്‍ സാമ്പത്തികശാസ്ത്ര വിദഗ്ധനായ ഇദ്ദേഹത്തിന് സാമ്പത്തിക വിനിയോഗത്തിനുപിന്നിലെ മനഃശാസ്ത്രത്തെക്കുറിച്ചുളള പഠനം നടത്തിയതിനാണ് നൊബേല്‍ സമ്മാനിച്ചത്. ബിഹേവിയറല്‍ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് റിച്ചാര്‍ഡ്. വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ സ്വാധീനിക്കുന്ന മനഃശാസ്ത്ര, സാമൂഹിക, വൈകാരിക ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ് സിദ്ധാന്തം.

സാമ്പത്തികകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നവര്‍ വിവേചനപരമെന്നതിനേക്കാള്‍ മാനുഷികമായാണ് ചിന്തിക്കുന്നതെന്ന് താലറുടെ സിദ്ധാന്തം പറയുന്നു. സാമ്പത്തികശാസ്ത്രവും മനഃശാസ്ത്രവും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ താലര്‍ വിജയിച്ചു. വ്യക്തികളുടെ തീരുമാനങ്ങളും അതിന്റെ മനഃശാസ്ത്രവശങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ റിച്ചാര്‍ഡ് താലര്‍ സുപ്രധാന പങ്കുവഹിച്ചതായി നൊബേല്‍ സമ്മാനസമിതി അഭിപ്രായപ്പെട്ടു. സാമ്പത്തിക ഗവേഷണത്തിലും സാമ്പത്തിക നയരൂപീകരണത്തിലും താലറിന്റെ സിദ്ധാന്തം വലിയ സ്വാധീനം ചെലുത്തി.

ഷിക്കാഗോ സര്‍വകലാശാല ബിസിനസ് സ്കൂളിലെ ബിഹേവിയറല്‍ ഇക്കണോമിക്സ് പ്രൊഫസറായ റിച്ചാര്‍ഡ് താലര്‍ അമേരിക്കയിലെ ന്യൂജഴ്സി സ്വദേശിയാണ്. സാമ്പത്തികശാസ്ത്രത്തില്‍ ആഴത്തില്‍ പഠനം നടത്തിയ താലര്‍ 2008ലെ ആഗോള സാമ്പത്തികപ്രതിസന്ധിയുടെ കഥ പറയുന്ന ദ ബിഗ് ഷോര്‍ട്ട് എന്ന സിനിമയിലും മുഖംകാണിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ