കൊല്‍ക്കത്ത: മോദി സർക്കാർ നോട്ട്​ നിരോധനം നടപ്പാക്കിയതി​​​ന്രെ ഒന്നാം വാർഷിക ദിനത്തിൽ ട്വിറ്ററും ഫെയ്സ്ബുക്കും അടക്കമുള്ള സോഷ്യൽ മീഡിയയിലെ പ്രൊഫൈൽ ചിത്രം കറുപ്പാക്കി മാറ്റിക്കൊണ്ട് പ്രതിഷേധിക്കണമെന്ന്​ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആഹ്വാനം. നോട്ട്​ നിരോധനം വൻ ദുരന്തമായിരുന്നു. നവംബർ എട്ടിന്​ കരിദിനം ആചരിക്കുമെന്നും സമ്പദ്​വ്യവസ്ഥയെ തകർത്ത നോട്ട്​ നിരോധന അഴിമതിക്കെതിരെ സോഷ്യൽ മീഡിയ പ്രൊഫൈൽ ഫോട്ടോ കറുപ്പാക്കി പ്രതിഷേധിക്കണമെന്നും മമതാ ആഹ്വാനം ചെയ്​തു. ട്വിറ്ററിൽ സ്വന്തം ​പ്രൊഫൈൽ ഫോ​ട്ടോ മമത കറുപ്പു നിറമാക്കിക്കൊണ്ടായിരുന്നു മമതയുടെ ആഹ്വാനം.

ജി.എസ്.ടിക്കെതിരെയും മമതാ രൂക്ഷ വിമർശനം ഉന്നയിച്ചു. ജിഎസ്ടി ചരക്കുസേവന നികുതിയല്ല, ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള ഗ്രേറ്റ് സെല്‍ഫിഷ് ടാക്‌സ് ആണെന്നു മമത ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ മാസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജിഎസ്ടി എന്നത് ഗബ്ബര്‍ സിംഗ് ടാക്‌സ് ആണെന്നു പരിഹസിച്ചിരുന്നു.

അതേസമയം സമൂഹത്തിലെ സാധാരണക്കാരുടെ ജീവിതവും വ്യവസായ മേഖലയും ഏറ്റവും താഴ്​ന്ന സാമ്പത്തിക സൂചികയിലേക്ക്​ കൂപ്പുകുത്തിയത്​ നോട്ടു നിരോധനം മൂലമാണെന്ന്​ മുൻ​ പ്രധാനമന്ത്രി മൻമോഹൻ സിങ്​. ചെറുകിട, ഇടത്തര സംരംഭ മേഖലയിൽ വൻ തൊഴിൽ നഷ്​ടമാണ്​ ഉണ്ടായികൊണ്ടിരിക്കുന്നതെന്നും മൻമോഹൻസിങ്​ പറഞ്ഞു. നോട്ട്​ നിരോധനത്തി​​​ന്റെ വാർഷികദിനത്തോടനുബന്ധിച്ച്​ പ്രമുഖ വെബ്​സൈറ്റിനു നൽകിയ അഭിമുഖത്തിലാണ്​ അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്​. നോട്ട്​ നിരോധനം അബദ്ധമായിരുന്നെന്ന് സർക്കാർ തിരിച്ചറിയേണ്ടതുണ്ടെന്നും അത് സമ്മതിക്കണമെന്നും മൻമോഹൻ സിങ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook