ന്യൂഡൽഹി: വൻ സാമ്പത്തിക വിപ്ലവമെന്ന പേരിൽ രാജ്യത്ത് നടപ്പിലാക്കിയ നോട്ട് നിരോധനം അക്ഷരാർത്ഥത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തിരിഞ്ഞുകുത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ (2017 ജനുവരി-ഏപ്രിൽ) രാജ്യത്ത് നടത്തിയ പഠനത്തിൽ ഇന്ത്യൻ സാമ്പത്തികരംഗത്തെ നിരീക്ഷിക്കുന്ന സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കോണമി (സിഎംഐഇ) 15 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായി കണ്ടെത്തി.

പ്രധാന സ്റ്റോക് മാർക്കറ്റുകളിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനികളിൽ ഭൂരിഭാഗവും തങ്ങളുടെ ജീവനക്കാരുടെ എണ്ണം ഈ കാലത്തിനിടയിൽ വെട്ടിക്കുറച്ചതായാണ് ഈ പഠന റിപ്പോർട്ടിൽ വിശദീകരിക്കുന്നത്. ലേബർ ബ്യൂറോ എപ്ലോയ്മെന്റ് സർവേയും നവംബർ എട്ടിന് 500, 1000 രൂപ നോട്ടുകൾ നിരോധിച്ച ശേഷം തൊഴിലവസരങ്ങൾ കുത്തനെ കുറഞ്ഞതായി സാക്ഷ്യപ്പെടുത്തുന്നു.

Read More: എട്ടിന്റെ പണി കിട്ടിയിട്ട് എട്ടിന് ഒരു വർഷം; സാധാരണക്കാർ പ്രതികരിക്കുന്നു

വിവര സാങ്കേതിക-സാമ്പത്തിക സേവന മേഖലകളിലെ കമ്പനികൾ ഒഴിച്ച് മറ്റുള്ള 121 ലിസ്റ്റഡ് കമ്പനികളിലെ രേഖകൾ ഇന്ത്യൻ എക്സ്‌പ്രസ് പരിശോധിച്ചതിൽ നിന്നാണ് ഇവരെല്ലാം തൊഴിലാളികളെ വെട്ടിക്കുറച്ചതായി വ്യക്തമായത്. 107 കമ്പനികളിൽ 14668 പേർക്കാണ് തൊഴിലില്ലാതായത്. എൽടിയിൽ 1888 പേർക്കാണ് ജോലി പോയത്. ഹിന്ദുസ്ഥാൻ യൂണിലിവറിൽ 1453 പേർക്ക് തൊഴിൽ പോയി. ഐഡിയ സെല്ലുലാർ (703), എസിസി (535), ടാറ്റ മോട്ടോർസ് (534), ടാറ്റ സ്റ്റീൽ (450), ഹിന്റാൽകോ (439), ടൈറ്റൻ ഇന്റസ്ട്രീസ് (422) എന്നിങ്ങനെ പോകുന്നു പ്രമുഖ കോർപ്പറേറ്റ് കമ്പനികളിൽ തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം.

ലേബർ ബ്യൂറോയുടെ ക്വാർട്ടേർലി എപ്ലോയ്മെന്റ് സർവേ പ്രകാരം 2016 ഒക്ടോബറിനും ഡിസംബറിനും ഇടയിലെ മൂന്ന് മാസത്തിൽ 1.52 കാഷ്വൽ തൊഴിലാളികൾക്കും 49000 ത്തിൽപരം പാർട് ടൈം തൊഴിലാളികൾക്കും ജോലി നഷ്ടമായി. നോട്ട് നിരോധനം ഉൾപ്പെടുന്ന ഈ കാലത്ത് മാനുഫാക്ചറിങ് സെക്ടറിൽ (1.13 ലക്ഷം), ഐടി/ബിപിഒ (20000) പേർക്കും തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്.

2017 ജനുവരിക്കും ഏപ്രിലിനുമിടയിൽ രാജ്യത്തെ ആകെ തൊഴിലിന്റെ എണ്ണം 405 ദശലക്ഷമായിരുന്നുവെന്നാണ് സിഎംഐഇ വിശദീകരിച്ചത്. തൊട്ട് മുൻപത്തെ നാല് മാസങ്ങളെ അപേക്ഷിച്ച് 1.5 ദശലക്ഷം തൊഴിലുകൾ ഈ മാസങ്ങളിൽ കുറഞ്ഞതായി കണ്ടെത്തി.

Read More : നോട്ട് നിരോധനം – ദിശാബോധവും ഉൾക്കാഴ്ചയും ഇല്ലാത്ത പാഠം

1,61,167 വീടുകൾ കേന്ദ്രീകരിച്ച് 5,19,285 പ്രായപൂർത്തിയായവരെ നേരിട്ട് കണ്ടാണ് സിഎംഐഇ സാമ്പിൾ സർവേ നടത്തിയത്. ഈ കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം 1.5 ദശലക്ഷമാണെങ്കിൽ തൊഴിലില്ലാത്തവരെന്ന് സ്വയം പ്രഖ്യാപിച്ചവരുടെ എണ്ണം 9.6 ദശലക്ഷമായിരുന്നു.

പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ ജൂലൈയിലെ രേഖകൾ പ്രകാരം 30.67 ലക്ഷം പേർക്ക് രാജ്യത്തുടനീളം തൊഴിലധിഷ്ഠിത വൈദഗ്ദ്ധ്യ പരിശീലനം നേടുന്നുണ്ടായിരുന്നു. ഇവരിൽ വെറും 2.9 ലക്ഷം പേർക്ക് മാത്രമേ തൊഴിൽ ഓഫറുകൾ ലഭിച്ചുള്ളൂവെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലെ തൊഴിൽ വൈദഗ്‌ധ്യ പരിശീലന വിഭാഗത്തിലെ കണക്കുകൾ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ