/indian-express-malayalam/media/media_files/uploads/2017/02/rs-1000-notes_759_ie-file.jpg)
ന്യൂഡൽഹി: പുതിയ ആയിരം രൂപ നോട്ടുകൾ റിസർവ് ബാങ്ക് ഉടൻ പുറത്തിറക്കും. കഴിഞ്ഞ ജനുവരിയിൽ നോട്ടുകൾ പുറത്തിറക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ 500 രൂപ നോട്ടുകളുടെ അച്ചടി വൈകിയതാണ് ഇതിനു കാരണമെന്നും ആർബിഐയിലെ ഉന്നത ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ആയിരം രൂപ നോട്ടുകളുടെ അച്ചടി തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം, 100 രൂപ നോട്ടുകൾ ഔദ്യോഗികമായി പുറത്തിറക്കുന്നത് എന്നായിരിക്കും എന്നതിനെക്കുറിച്ചോ അതിന്റെ രൂപഘടനയെക്കുറിച്ചോ അറിവായിട്ടില്ല. കഴിഞ്ഞ നവംബർ എട്ടിനാണ് കളളപ്പണവും കളളനോട്ടും തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ഇതിനുപിന്നാലെ വിപണിയിലുണ്ടായ പണ ദൗർലഭ്യം പരിഹരിക്കുന്നതിനായി പുതിയ രൂപഘടനയിലുള്ള 500, 2000 രൂപ നോട്ടുകൾ ആർബിഐ പുറത്തിറക്കി.
നോട്ട് അസാധുവാക്കിയ നടപടിക്കു പിന്നാലെ ബാങ്ക് ഇടപാടുകൾക്ക് ആർബിഐ കനത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഫെബ്രുവരി 20 മുതൽ ഒരാഴ്ചയിൽ ബാങ്കിൽനിന്നും പിൻവലിക്കാവുന്ന തുക 24,000 ൽ നിന്ന് 50,000 രൂപയാക്കി ഉയർത്തി. മാർച്ച് 13 മുതൽ ബാങ്ക് ഇടപാടുകൾക്ക് ഏർപ്പെടുത്തിയ മുഴുവൻ നിയന്ത്രണവും നീക്കിയേക്കും.
പുതിയ ആയിരം രൂപ നോട്ടുകൾ എത്തുന്നതോടെ വിപണിയിലെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് കണക്കുകൂട്ടൽ. 1000, 500 രൂപ നോട്ടുകൾ അസാധുവാക്കിയതിനെത്തുടർന്ന് കോടിക്കണക്കിന് പഴയ രൂപയുടെ നോട്ടുകളാണ് ബാങ്കുകളിലെത്തിയത്. എന്നാൽ ഇവ സംബന്ധിച്ച കൃത്യമായ കണക്കുകൾ ആർബിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.