ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിന് റിസര്‍വ്വ് ബാങ്കിന്റെ അംഗീകാരം ലഭച്ചിരുന്നില്ലെന്ന് വിവരാവകാശ രേഖ. 2016 നവംബര്‍ എട്ടിനായിരുന്നു രാജ്യത്ത് 500, 1000 നോട്ടുകള്‍ അസാധുവായതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച റിസര്‍വ്വ് ബാങ്കിന്റെ അംഗീകാരം ലഭിക്കുന്നത് നാളുകള്‍ക്ക് ശേഷമാണെന്നാണ് വ്യക്തമായിരിക്കുന്നത്.
നവംബര്‍ എട്ടിന് നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിന് രണ്ടര മണിക്കൂര്‍ മുമ്പാണ് ഇതുസംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം ഊര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആര്.ബി.ഐ സെന്‍ട്രല്‍ ബോര്‍ഡിനു ലഭിച്ചത്.ഡിസംബര്‍ 16നാണ് റിസര്‍വ്വ് ബാങ്ക് കേന്ദ്രം നിര്‍ദേശം അംഗീകാരം നല്‍കിക്കൊണ്ട് ഫയല്‍ സര്‍ക്കാറിന് തിരിച്ചത്. അതായത് നോട്ടുനിരോധം പ്രഖ്യാപിച്ച് 38 ദിവസങ്ങള്‍ക്കുശേഷം.
നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഊര്‍ജിത് പട്ടേലിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിന്റെ മിനുറ്റ്സിലെ വിവരങ്ങളില്‍ നിന്നും ഇത് വ്യക്തമായത്. നവംബര്‍ എട്ടിന് വൈകിട്ട് അഞ്ചരക്കായിരുന്നു യോഗം നടന്നത്. യോഗത്തിന്റെ മിനുറ്റ്സില്‍ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല. ഡിസംബര്‍ 15 നാണ് ഒപ്പിടുന്നത്. ആര്.ടി.ഐ ആക്ടിവിസറ്റായ വെങ്കിടേശ് നായകാണ് വിവരാവകാശ നിയമപ്രകാരം ഈ വിശദാംശങ്ങള്‍ തേടിയത്.
കള്ളപ്പണത്തില്‍ ഭൂരിപക്ഷവും സ്വര്‍ണമായോ, റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന്റെ രൂപത്തിലോ ആണ്. അതുകൊണ്ട് അത്തരം സമ്പത്തില്‍ നോട്ടുനിരോധനത്തിന് യാതൊരു പ്രതിഫലനും സൃഷ്ടിക്കാനാവില്ലെന്നും മിനുറ്റ്സില്‍ പറഞ്ഞിട്ടുണ്ട്. കൂടാതെ പെട്രോള്‍ പമ്പുകളിലും മറ്റും മാറുന്ന പഴയ നോട്ടിന്റെ കാര്യത്തിലും കൃത്യമായ ഡാറ്റ ഇല്ലെന്നും ആര്‍ബിഐ മറ്റൊരു മറുപടിയില്‍ പറയുന്നുണ്ട്.
നിരോധിച്ച നോട്ടുകള്‍ ഏതാണ്ട് മുഴുവനും തിരികെ എത്തിയതായി ആര്‍ബിഐയുടെ 2017-18 വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 15417 ലക്ഷം കോടിയുടെ 500,1000 നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. ഇതില്‍ 99.3 ശതമാനം നോട്ടുകള്‍ തിരികെ എത്തി