തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനെ തുടർന്ന് സംസ്ഥാന വരുമാനം ഇടിയുന്നു. സംസ്ഥാനത്തിന് ലഭ്യമാകുന്ന സ്റ്റാംപ് ഡ്യൂട്ടിയിനത്തിലെ വരുമാനത്തിലാണ് രണ്ടുമാസമായി കനത്ത ഇടിവുണ്ടായിരിക്കുന്നത് . ഡിസംബർ മാസത്തിൽ മാത്രം 22 കോടി രൂപയുടെ ഇടിവാണ് കേരളത്തിലെ വസ്തുക്കച്ചവടം വഴിയുള്ള സർക്കാർ വരുമാനത്തിലുണ്ടായത്.

നോട്ട് അസാധുവാക്കൽ നടപടി മറ്റ് മേഖലകളിലെന്ന പോലെ തന്നെ ഭൂമിയുടെ റജിസ്ട്രേഷനെയും മന്ദഗതിയിലാക്കി. കേരള സർക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായിരുന്നു റജിസ്ട്രേഷൻ വഴി ലഭിക്കുന്ന വരുമാനം. 2015 ഡിസംബറിൽ 80,002 റജിസ്ട്രേഷൻ വഴി സർക്കാരിന് 210 കോടി രൂപ വരുമാനം ലഭിച്ചുവെങ്കിൽ 2016 ൽ ഇത് 67,118 ഇടപാടുകളും 188 കോടി രൂപയുമായി കുറഞ്ഞു.

പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും വസ്തു ഇടപാട് കുത്തനെ ഇടിഞ്ഞു. പത്തനംതിട്ടയിൽ മുൻവർഷത്തേക്കാൾ 19 ഇടപാടുകൾ അധികം കഴിഞ്ഞ ഡിസംബറിൽ നടന്നു. എന്നാൽ ഇതിൽ ഭൂരിപക്ഷവും മുൻകൂർ കരാറിൽ ഏർപ്പെട്ടതാണെന്നും അതിനാലാണ് ഇത്രയെങ്കിലും നടന്നതെന്നും റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവരും റജിസ്ട്രേഷൻ ഉദ്യോഗസ്ഥരും പറയുന്നു. വരും മാസങ്ങളിൽ വസ്തുകൈമാറ്റത്തിൽ കൂടുതൽ ഇടിവുണ്ടാകുമെന്നാണ് അവരുടെ വിലയിരുത്തൽ.

സംസ്ഥാന സർക്കാരിന് വൻ സാമ്പത്തിക നഷ്ടമായിരിക്കും വരുന്ന മാസങ്ങളിൽ സംഭവിക്കുയെന്നാണ് ഇത് നൽകുന്ന മുന്നറിയിപ്പ്. കേരളത്തിലെ തനത് വരുമാനങ്ങൾക്ക് ബദൽ മാർഗങ്ങൾ കുറവായത് ഖജനാവിനെ ബാധിക്കും. ഇത് സംസ്ഥാനത്തെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും തിരിച്ചടിയാകുമെന്ന് വിലയിരുത്തുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook