നോട്ട് നിരോധനം കാരണം രാജ്യത്തെ നികുതിപിരിവ് മെച്ചപ്പെട്ടുവെന്നും ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യം മുന്നോട്ട് പോയെന്നും ധനമന്ത്രി നിർമല സീതാരാമൻ. നോട്ട് നിരോധനത്തിന്റെ നാലാം വാർഷികത്തിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. അതേസനയം പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ചില മുതലാളിമാരെ മാത്രമാണ് സഹായിച്ചതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

“ഇന്ത്യയെ അഴിമതിയിൽ നിന്ന് മോചിപ്പിക്കുമെന്ന വാഗ്ദാനം നിറവേറ്റുന്നതിനായി മോദി സർക്കാർ നാല് വർഷം മുമ്പ് നോട്ട് നിരോധനം നടപ്പാക്കി. കള്ളപ്പണത്തിനെതിരായ അഭൂതപൂർവമായ ആക്രമണമായ ഈ നീക്കം മെച്ചപ്പെട്ട നികുതി പാലനത്തിനും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള വലിയ മുന്നേറ്റത്തിനും കാരണമായി,” നിർമല സീതാരാമൻ പറഞ്ഞു.

നോട്ട് നിരോധനത്തിന് ശേഷം ആദ്യ നാല് മാസത്തിനുള്ളിൽ കണക്കിൽ കാണിക്കാത്ത 900 കോടി രൂപ പിടിച്ചെടുത്തതായി സീതാരാമൻ പറഞ്ഞു. “കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 3,950 കോടി രൂപയുടെ ആസ്തി പിടിച്ചെടുത്തു.നോട്ട് നിരോധനത്തിന് ശേഷം നടത്തിയ സർവേകൾ അനേകം കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനം കണ്ടെത്തുന്നതിന് കാരണമായപ്പോൾ, ഓപ്പറേഷൻ ക്ലീൻ മണി സമ്പദ്‌വ്യവസ്ഥയെ ഔപചാരികമാക്കാൻ സഹായിച്ചു,” ധനമന്ത്രി ട്വീറ്റ് ചെയ്തു.

“നോട്ട് നിരോധനത്തിലൂടെ സുതാര്യത കൈവരിക്കുകയും നികുതി അടിത്തറ വിശാലമാക്കുകയും മാത്രമല്ല, പണത്തിന്റെ ക്രയവിക്രയം വർധിപ്പിക്കുകയും കള്ളനോട്ടിനെ തടയുകയും ചെയ്തു,” സീതാരാമൻ മറ്റൊരു ട്വീറ്റിൽ അവകാശപ്പെട്ടു.

അതേസമയം, നോട്ട് നിരോധനത്തിന്റെ ഫലമായി ജിഡിപി വളർച്ചാ നിരക്ക് 2.2 ശതമാനവും തൊഴിൽ മൂന്ന് ശതമാനവും കുറഞ്ഞതായി കോൺഗ്രസ് പ്രതികരിച്ചു. വായ്പാ തിരിച്ചടവിൽ വൻതുക വീഴ്ചവരുത്തിയ വമ്പൻമാരുടെ കുടിശ്ശിക എഴുതിത്തള്ളുക എന്നതായിരുന്നു നോട്ട് നിരോധനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.

ഒരിക്കൽ ലോകത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സമ്പദ്‌വ്യവസ്ഥകളിലൊന്നായിരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബംഗ്ലാദേശിന്റെ സമ്പദ്‌വ്യവസ്ഥ എങ്ങനെ മറികടന്നു എന്ന് ഒരു വീഡിയോയിൽ രാഹുൽ ആരാഞ്ഞു.

“കോവിഡ് ആണ് കാരണമെന്ന് സർക്കാർ പറയുന്നു, പക്ഷേ അതാണെങ്കിൽ, ബംഗ്ലാദേശിലും ലോകത്തെല്ലായിടത്തും കോവിഡ് ഉണ്ട്. കാരണം കോവിഡ് അല്ല, കാരണം ‘നോട്ട് നിരോധനം’, ജിഎസ്ടി എന്നിവയാണ്. നാല് വർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് മേലുള്ള ആക്രമണം തുടങ്ങി. അദ്ദേഹം കർഷകരെയും തൊഴിലാളികളെയും ചെറുകിട വ്യാപാരികളെയും ദ്രോഹിച്ചു, ” രാഹുൽ പറഞ്ഞു.

സമ്പദ്‌വ്യവസ്ഥയ്ക്ക് രണ്ട് ശതമാനം നഷ്ടമുണ്ടാകുമെന്ന് മൻ‌മോഹൻ സിങ് അന്ന് പറഞ്ഞെന്നും അതാണ് നമ്മൾ കണ്ടതെന്നും രാഹുൽ പറഞ്ഞു.

“കള്ളപ്പണത്തിനെതിരായ പോരാട്ടമാണിതെന്ന് പ്രധാനമന്ത്രി മോദിയുടെ വാദം “നുണയാണ്”. ആക്രമണം ജനത്തിന് നേർക്കായിരുന്നു, നിങ്ങളുടെ പണം എടുത്ത് തന്റെ രണ്ടോ മൂന്നോ സുഹൃത്തുക്കളായ മുതലാളിത്ത സുഹൃത്തുക്കൾക്ക് നൽകാൻ മോഡി ആഗ്രഹിച്ചു. നിങ്ങളാണ് വരിയിൽ നിന്നത്, അദ്ദേഹത്തിന്റെ ചങ്ങാത്ത മുതലാളിത്ത സുഹൃത്തുക്കളല്ല. നിങ്ങൾ നിങ്ങളുടെ പണം ബാങ്കുകളിൽ നിക്ഷേപിക്കുകയും പ്രധാനമന്ത്രി മോദി ആ പണം സുഹൃത്തുക്കൾക്ക് നൽകുകയും 3,50,000 കോടി രൂപ വായ്പ എഴുതിത്തള്ളുകയും ചെയ്തു,” രാഹുൽ ഗാന്ധി ആരോപിച്ചു.

2016 നവംബറിലാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ 500, 1,000 രൂപ നോട്ടുകൾ അസാധുവാക്കി ഉത്തരവിട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook