ന്യൂഡൽഹി: സമര്‍ത്ഥമായ മുന്നേറ്റം എന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്ന നോട്ട് നിരോധനം, ഇന്ത്യയിലെ കര്‍ഷകരെ ഗുരുതരമായി ബാധിച്ചുവെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയം. നിലനിന്നിരുന്ന കറന്‍സി നോട്ടുകളില്‍ 86 ശതമാനവും നോട്ട് നിരോധന സമയത്ത് കടലാസ് മാത്രമായി മാറുകയാണ് ചെയ്തത്. വിത്തുകളും ധാന്യങ്ങളും വാങ്ങിക്കാനായി കര്‍ഷകര്‍, പ്രത്യേകിച്ച് ചെറുകിട കര്‍ഷകര്‍ കറന്‍സി നോട്ടുകളെയാണ് ആശ്രയിച്ചിരുന്നത്.

കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാന്‍ എന്ന പേരിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നോട്ട് നിരോധം ഏര്‍പ്പെടുത്തിയത്. 500, 1000 രൂപയുടെ കറന്‍സി നോട്ടുകളെല്ലാം പിന്‍വലിച്ചു. ഈ നീക്കം കര്‍ഷകരേയും ചെറുകിട വ്യവസായികളേയും സാരമായി ബാധിച്ചുവെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.

ഇപ്പോള്‍ കേന്ദ്ര കാര്‍ഷിക മന്ത്രാലയം തന്നെ തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം ശരിവച്ചിരിക്കുകയാണ്. നോട്ട് നിരോധനം മൂലമുണ്ടായ പണത്തിന്റെ ലഭ്യതക്കുറവിനെ തുടർന്ന് ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് റാബി സീസണില്‍ വിത്തുകളും വളവും വാങ്ങിക്കാന്‍ സാധിച്ചില്ലെന്ന് യോഗത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ കാര്‍ഷിക മന്ത്രാലയം അറിയിച്ചു.

നോട്ട് നിരോധന സമയത്ത് വിളകള്‍ വില്‍ക്കുവാനോ വിത്ത് വിതയ്ക്കാനോ പോലും കഴിഞ്ഞിരുന്നില്ല. കൈയ്യിലുണ്ടായിരുന്ന പണം മുഴുവന്‍ ഉപയോഗശൂന്യമായി. നോട്ട് നിരോധനത്തിന്റെ അനന്തര ഫലങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് കാര്‍ഷിക മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാര്‍ വിതരണത്തിന് വച്ചിരുന്ന വിത്തുകള്‍ പോലും വില്‍ക്കാന്‍ സാധിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍കിട കര്‍ഷകരേയും നോട്ട് നിരോധനം ബാധിച്ചു. ജോലിക്കാര്‍ക്ക് പണം നല്‍കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടിയെന്ന് പറയുന്നു.

പണത്തിന്റെ ലഭ്യതക്കുറവ് മൂലം നാഷണല്‍ സീഡ് കോർപറേഷന്റെ പക്കലുണ്ടായിരുന്ന 1.38 ലക്ഷം ക്വിന്റല്‍ ഗോതമ്പ് വിത്തുകള്‍ വിറ്റുപോകാതെ കെട്ടിക്കിടന്നുവെന്ന് മന്ത്രാലയം പറയുന്നു. ഗോതമ്പ് വിത്തുകള്‍ വാങ്ങാനായി പിന്നീട് 1000ന്റെയും 500ന്റേയും നോട്ടുകള്‍ ഉപയോഗിക്കാമെന്ന് ഗവണ്‍മെന്റ് പറഞ്ഞെങ്കിലും ഇത് സ്ഥിതി മെച്ചപ്പെടുത്തിയില്ല.

സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ എംപിമാര്‍ നോട്ട് നിരോധനത്തെ നിശിതമായി വിമര്‍ശിക്കുകയും, ഇതുമൂലം ചെറുകിട മേഖലയില്‍ ഉണ്ടായ തൊഴില്‍ നഷ്ടത്തിന്റെ കൃത്യമായ കണക്ക് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ മന്‍മോഹന്‍ സിങ്ങും വീരപ്പ മൊയ്‌ലിയുമടക്കം 31 അംഗങ്ങളാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഉള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook