മുംബൈ: കേന്ദ്ര സർക്കാറിന്‍റെ നോട്ട് നിരോധിച്ച നടപടി രാജ്യത്തെ മാവോവാദികളെയും കശ്മീരിലെ വിഘടനവാദികളെയും സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. താഴ്‍വരയില്‍ കല്ലെറിഞ്ഞ് പ്രതിഷേധിക്കുന്ന സംഭവങ്ങള്‍ നോട്ട് നിരോധനത്തിന് ശേഷം കുത്തനെ കുറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. “നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മുമ്പ് കശ്മീരിലെ തെരുവുകളില്‍ ആയിരക്കണക്കിന് കല്ലേറുകാര്‍ ഒത്തുകൂടുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 25 പേര് പോലും ഇത്തരത്തിലൊരു പ്രക്ഷോഭത്തിന് ഇറങ്ങുന്നില്ല”, ജെയ്റ്റ്ലി മുംബൈയില്‍ പറഞ്ഞു.

“നോട്ട് നിരോധനത്തിന് ശേഷം കശ്മീരിലെ വിഘടനവാദികള്‍ക്കും ചത്തീസ്ഘഡ് പോലെയുളള സംസ്ഥാനങ്ങളിലെ മാവോയിസ്റ്റുകള്‍ക്കും പണം കിട്ടാതെ വലഞ്ഞു. സമ്പദ് വ്യവസ്ഥക്ക് പുറത്തു വിനിമയം ചെയ്യപ്പെട്ടിരുന്ന പണം നോട്ട് അസാധുവാക്കല്‍ നടപടിയോടെ ബാങ്കിങ് സംവിധാനത്തിന്‍റെ ഭാഗമായി. പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. പ്രതിരോധ രംഗത്തും ഗ്രാമവികസന രംഗത്തും അടിസ്ഥാന സൗകര്യവികസന രംഗത്തും സര്‍ക്കാര്‍ വന്‍നിക്ഷേപം നടത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ഗോരഖ്പൂരില്‍ നടന്നതു പോലെയുള്ള നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ സര്‍ക്കാര്‍ സവിധാനങ്ങള്‍ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തും. നിലവിലെ വളര്‍ച്ചാ നിരക്കില്‍ മോദി സര്‍ക്കാര്‍ സംതൃപ്തരാകില്ല. വളര്‍ച്ച വേഗത്തിലാക്കാന്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ