അഹമ്മദാബാദ്: നോട്ട് നിരോധനത്തിന് ശേഷം ഏറ്റവും കൂടുതല്‍ പഴയ നോട്ട് സ്വീകരിച്ച സഹകരണ ബാങ്ക് അമിത്ഷാ ഡയറക്‌ടറായ അഹമ്മദാബാദ് ജില്ലാ ബാങ്കെന്ന് വിവരാവകാശരേഖ. പ്രധാനമന്ത്രി നോട്ട് നിരോധന പ്രഖ്യാപനം നടത്തി അഞ്ച് ദിവസം കൊണ്ട് 746. 59 കോടിയാണ് ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടത്. പഴയ നോട്ട് സ്വീകരിക്കുന്നതില്‍ നിന്ന് സഹകരണ ബാങ്കുകളെ വിലക്കി കേന്ദ്രം ഉത്തരവിറക്കുന്നതിന് മുമ്പായാണ് ഇത്രയും വലിയ തുക ബാങ്കിലെത്തിയത്. മുംബൈ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ വിവരാവകാശ പ്രകാരം നേടിയ രേഖകളിലാണ് ഈ വിവരങ്ങള്‍.

2016 നവംബര്‍ 8 നായിരുന്നു നോട്ട് അസാധുവാക്കല്‍. നവംബര്‍ 14 ന് പഴയ നോട്ടുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് രാജ്യത്തെ സഹകരണ ബാങ്കുകളെ വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. സഹകരണ ബാങ്കുകള്‍ വഴി കള്ളപ്പണം വെളുപ്പിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്. പഴയ നോട്ടുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് സഹകരണ ബാങ്കുകളെ വിലക്കിയിട്ടും ഗുജറാത്തിലെ സഹകരണ ബാങ്കുകളില്‍ വന്‍ നിഷേപമുണ്ടായി എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കുറേ വര്‍ഷങ്ങളായി അമിത് ഷായാണ് ബാങ്കിന്റെ ഡയറക്‌ടര്‍ സ്ഥാനത്തിരിക്കുന്നത്. 2000ത്തോടെ ബാങ്കിന്റെ ചെയര്‍മാനും അദ്ദേഹം ആയിരുന്നു. 2017 മാര്‍ച്ച് 31ന് ബാങ്കിലെ ആകെ നിക്ഷേപം 5,050 കോടി രൂപയാണ്. 639 കോടി രൂപയുടെ പഴയ നോട്ട് കൈപ്പറ്റി രണ്ടാം സ്ഥാനത്തുള്ളതും ബിജെപി നേതാക്കളുമായി ബന്ധമുള്ള ബാങ്ക് തന്നെ. ഗുജറാത്ത് മന്ത്രിയായ ജയേഷ് ഭായ് വിത്തല്‍ ഭായ് റാഡിയ ചെയര്‍മാനായ രാജ്കോട്ട് ജില്ലാ സഹകരണ ബാങ്കാണിത്. ഗുജറാത്തില്‍ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് രാജ് കോട്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ