ന്യൂഡൽഹി: നോട്ട് നിരോധന നടപടിയുടെ ഒരു വർഷം തികഞ്ഞ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് പി.ചിദംബരം കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.

“നോട്ട് നിരോധന കാലത്ത് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നതും തൊഴിൽ നഷ്ടപ്പെട്ടുവെന്നതും ചെറുകിട വ്യാപാരങ്ങൾ അടച്ചുപൂട്ടേണ്ടിവന്നുവെന്നതും ആർക്കെങ്കിലും നിഷേധിക്കാനാവുമോ?”, അദ്ദേഹം ചോദിച്ചു.

നോട്ട് നിരോധനം സംബന്ധിച്ച് ആർബിഐ ബോർഡ് ഏജൻസിയുടെയും രഘുറാം രാജന്റെയും നിർദ്ദേശങ്ങൾ പുറത്തിറക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടു. “സർക്കാരിന് തങ്ങളുടെ തീരുമാനം ശരിയായിരുന്നുവെന്ന് ബോധ്യമുണ്ടെങ്കിൽ എന്തിനിത് പുറത്തുവിടാൻ മടി കാണിക്കണം?” അദ്ദേഹം ചോദിച്ചു.

“കള്ളപ്പണം ഇല്ലാതായെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. ഗുജറാത്ത് ഇലക്ഷൻ ആരംഭിക്കട്ടെ. അപ്പോൾ കാണാൻ പറ്റും എവിടെയാണ് കള്ളപ്പണം ഉള്ളതെന്ന്”, ചിദംബരം ബിജെപിയെ ഉന്നമിട്ട് പറഞ്ഞു.

15 കോടി ദിവസ വേതന തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തിയതും ചെറുകിട സംരംഭങ്ങളെ ഇല്ലാതാക്കിയതും ധാർമ്മികമാണോയെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സ്‌പ്രസും അന്താരാഷ്ട്ര ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് കൊളീജിയവും സംയുക്തമായി വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ളവരുടെ പട്ടിക (പാരഡൈസ് പേപ്പർ) പുറത്തുവിട്ടിരുന്നു. ഇതിൽ പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം ഡയറക്ടറായ കമ്പനിയുടെ പേരും ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ