ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ നോട്ട് നിരോധന നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. നോട്ട് നിരോധനം കനത്ത സാമ്പത്തിക ആഘാതമായിരുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്തിന്റെ എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ചയെ 6.8 എന്ന നിരക്കിലേക്ക് പിന്നോട്ട് വലിക്കുകയാണ് നോട്ട് നിരോധനം വഴി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

‘ഓഫ് കൗണ്‍സില്‍: ദി ചലഞ്ചസ് ഓഫ് ദി മോദി-ജെയ്റ്റ്‌ലി ഇക്കോണമി’ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. നോട്ട് നിരോധന സമയത്ത് പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തെക്കുറിച്ചുള്ള ചര്‍ച്ചകളിൽ ഭാഗമായിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം ഇപ്പോഴും മൗനം പാലിക്കുകയാണ്. എന്നാല്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്, നോട്ട് നിരോധനം പോലെ പ്രധാനപ്പെട്ട ഒരു തീരുമാനത്തിന് മുമ്പായി പ്രധാനമന്ത്രി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ അഭിപ്രായം തേടിയില്ല എന്നാണ്.

‘നോട്ട് നിരോധനം വളരെ ക്രൂരമായ ഒരു സാമ്പത്തിക ആഘാതമായിരുന്നു. 86 ശതമാനം നോട്ടുകളാണ് ഒറ്റയടിക്ക് പിന്‍വലിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ നോട്ട്‌ നിരോധനം പിന്നോട്ടടിച്ചു. അതിന് മുമ്പും വളര്‍ച്ച പതിയെയായിരുന്നു, എന്നാല്‍ നോട്ട് നിരോധത്തിനു ശേഷം അത് വളരെ വേഗത്തില്‍ താഴോട്ടു പോന്നു.’

നോട്ട് നിരോധനം വളര്‍ച്ചയുടെ വേഗത കുറച്ചു എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉള്ളതായി താന്‍ കരുതുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അത് സൃഷ്ടിച്ച ആഘാതത്തിന്റെ അളവില്‍ മാത്രമായിരിക്കും സംശയമുള്ളത്. നോട്ട് നിരോധനത്തിനു മുന്‍പുണ്ടായിരുന്ന എട്ട് ശതമാനത്തില്‍ നിന്ന് 6.8 ശതമാനത്തിലേക്ക് സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇടിഞ്ഞു. ഉയര്‍ന്ന പലിശനിരക്ക്, ജിഎസ്ടി, ഇന്ധന വിലക്കയറ്റം തുടങ്ങി ഇക്കാലയളവിലുണ്ടായ മറ്റു സംഭവങ്ങളും ഇതിന് കാരണമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook