കൊല്‍ക്കത്ത: അഗര്‍ത്തലയില്‍ ബിജെപി പ്രവര്‍ത്തകര്‍ ലെനിന് പ്രതിമ തകര്‍ത്തിട്ട് ഒരുദിവസം തികയുന്നതിന് മുന്‍പേ കർക്കശമായ ഭാഷയില്‍ പ്രതികരിക്കുകയാണ് മമതാ ബാനര്‍ജി. സിപിഎം തൃണമൂല്‍ കോണ്‍ഗ്രസിന്റെ എതിരാളികള്‍ ആണെങ്കിലും മാര്‍ക്സിന്റെയും ലെനിനിന്റെയും പ്രതിമകള്‍ തകര്‍ക്കാന്‍ ഒരാളെയും അനുവദിക്കില്ല എന്നായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.
“ലെനിന് പ്രതിമ തകര്‍ക്കാന്‍ ഞാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. സിപിഎം ഞങ്ങളുടെ എതിര്‍കക്ഷികള്‍ ആയിരിക്കാം. ലെനിന് എന്റെ നേതാവുമല്ല. എങ്കിലും മാര്‍ക്സിന്റെയോ ലെനിന്റെയോ പ്രതിമ തകര്‍ക്കാന്‍ ഞാന്‍ അനുവദിക്കില്ല.” ജനാധിപത്യത്തില്‍ അധികാരമുള്ള കക്ഷി എതിരാളികളുടെ പ്രതിമകളും മറ്റും തകര്‍ക്കുന്നത് ന്യായീകരിക്കാനാകില്ല എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് മമത പറഞ്ഞു. ബങ്കൂര ജില്ലയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു തൃണമൂല്‍ നേതാവ്.
Read More : വീടില്ലാത്ത മാണിക് സര്‍ക്കാര്‍ പാര്‍ട്ടി ഓഫീസിലേക്ക് താമസം മാറി
തിരഞ്ഞെടുപ്പ് ഫലം വന്നത് മുതല്‍ ത്രിപുരയില്‍ തുടരുന്ന ഭീകരാന്തരീക്ഷത്തെ അപലപിച്ച മമത അക്രമങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ബിജെപിക്കാണ് എന്ന് ആരോപിച്ചു. “ജനാധിപത്യത്തില്‍ അധികാരഘടനകള്‍ മാറും. അതിന്റെ അര്‍ഥം നിങ്ങള്‍ പ്രതിപക്ഷത്തെ അക്രമിക്കുകയും അവരുടെ പ്രതിമകള്‍ തകര്‍ക്കുകയും ചെയ്യാം എന്നല്ല. ബിജെപി അവരുടെ തനിനിറം കാണിക്കുകയാണ്”.
2011ല്‍ സിപിഎമ്മില്‍ നിന്നും അധികാരം നേടിയപ്പോള്‍ തങ്ങള്‍ എത്ര ജനാധിപത്യപരമായാണ് അധികാരത്തിലേറിയത് എന്ന് ഓര്‍ക്കണം എന്നും മമതാ ബാനര്‍ജി പറഞ്ഞു.